ശ്രീനിവാസന്‍ പ്രണയകഥയെഴുതുകയാണ്!

Webdunia
ബുധന്‍, 6 നവം‌ബര്‍ 2013 (15:13 IST)
PRO
ലവ് സ്റ്റോറിയെടുക്കാന്‍ മിടുക്കനാണ് വിനീത് ശ്രീനിവാസന്‍ എന്നറിയാമല്ലോ. ‘തട്ടത്തിന്‍ മറയത്ത്’ എന്ന വമ്പന്‍ ഹിറ്റിലൂടെ താന്‍ അക്കാര്യത്തില്‍ എക്സ്പേര്‍ട്ടാണെന്ന് വിനീത് തെളിയിച്ചതാണ്. എന്നാല്‍ ആ ജോണറില്‍ വിനീതിന് വെല്ലുവിളിയുയര്‍ത്താന്‍ മറ്റൊരാള്‍ വരുന്നു. വേറെ ആരുമല്ല, സാക്ഷാല്‍ ശ്രീനിവാസന്‍ തന്നെ.

ശ്രീനിവാസന്‍ ഇപ്പോള്‍ ഒരു തിരക്കഥയെഴുതിക്കൊണ്ടിരിക്കുകയാണ്. അതും ഒരു പ്രണയകഥ. തന്‍റേതായ ശൈലിയില്‍, നിറയെ നര്‍മ മുഹൂര്‍ത്തങ്ങളാല്‍ കൊരുത്ത ഒരു പ്രണയചിത്രത്തിനാണ് ശ്രീനി തൂലിക ചലിപ്പിക്കുന്നത്. ഈ സിനിമയില്‍ ശ്രീനിയല്ല നായകന്‍, എന്നാല്‍ ഒരു പ്രധാന വേഷത്തില്‍ ശ്രീനിവാസന്‍ അഭിനയിക്കുന്നുണ്ട്.

‘ജനകന്‍’ എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച എന്‍ ആര്‍ സഞ്ജീവ് ആണ് ശ്രീനിവാസന്‍റെ തിരക്കഥ സംവിധാനം ചെയ്യുന്നത്. ‘പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍’ ആയിരുന്നു ശ്രീനി ഒടുവില്‍ എഴുതിയ തിരക്കഥ. ആ സിനിമ ഏറെ വിവാ‍ദങ്ങള്‍ ക്ഷണിച്ചുവരുത്തിയിരുന്നു. ആ സിനിമയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ എന്‍ ആര്‍ സഞ്ജീവ് ആയിരുന്നു എന്നതും ഓര്‍ക്കേണ്ടതാണ്.

ശ്രീനിവാസന്‍ പ്രണയകഥ എഴുതുന്നത് ഇതാദ്യമല്ല. മഴയെത്തും മുന്‍പെയും ഉദയനാണ് താരവും ചമ്പക്കുളം തച്ചനുമെല്ലാം പ്രണയം പറഞ്ഞ സിനിമകളായിരുന്നു. എന്നാല്‍ അവയൊന്നും പ്രണയം മാത്രമല്ല പറഞ്ഞത് എന്നതാണ് പ്രത്യേകത. പുതിയ സിനിമ പക്ഷേ പൂര്‍ണമായും ഒരു പ്രണയകഥയെന്നാണ് സഞ്ജീവ് അറിയിച്ചിരിക്കുന്നത്.