വരുന്നൂ... ഹാപ്പി ഹസ്ബന്‍ഡ്സ്!

Webdunia
വെള്ളി, 31 ജൂലൈ 2009 (17:22 IST)
PRO
ജയറാമും ഇന്ദ്രജിത്തും ജയസൂര്യയും. സന്തോഷവാന്‍‌മാരായ ഭര്‍ത്താക്കന്‍‌മാര്‍ കൂടിയാണ് അവര്‍. ഇവര്‍ മൂവരും നായകന്‍‌മാരാകുന്ന ചിത്രത്തിന് ചേരുന്ന ഒരു പേരു നിര്‍ദ്ദേശിക്കാന്‍ ആവശ്യപ്പെട്ടാല്‍, അങ്ങനെയൊരു പേരാണ് ‘ഹാപ്പി ഹസ്ബന്‍ഡ്സ്’. അതെ, ഈ പേരില്‍ ഒരു സിനിമ വരുന്നു. സംവിധാനം സജി സുരേന്ദ്രന്‍.

ഇവര്‍ വിവാഹിതരായാല്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സജി സുരേന്ദ്രന്‍ ഒരുക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്സിന്‍റെ രചന പുരോഗമിക്കുന്നു. കൃഷ്ണ പൂജപ്പുരയാണ് തിരക്കഥ എഴുതുന്നത്. കുടുംബജീവിതത്തില്‍ ഭര്‍ത്താവിന്‍റെ സ്ഥാനമെന്താണെന്നും അവരുടെ കടമകള്‍ എന്തൊക്കെയാണെന്നും ചര്‍ച്ച ചെയ്യുന്ന ഈ ചിത്രത്തില്‍ ജയറാമും ജയസൂര്യയും ഇന്ദ്രജിത്തുമാണ് ഭര്‍ത്താക്കന്‍‌മാരായി വേഷമിടുന്നത്. നാലു നായികമാര്‍ ഉണ്ടായിരിക്കും.

ഗാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ഹാപ്പി ഹസ്ബന്‍ഡ്സില്‍ സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. അനില്‍ നായര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എം ജയചന്ദ്രന്‍.

എറണാകുളമാണ് പ്രധാന ലൊക്കേഷന്‍. സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളിലും ഏതാനും ദിവസത്തെ ഷൂട്ടിംഗ് ഉണ്ടായിരിക്കും. നര്‍മ്മത്തില്‍ ചാലിച്ച ഈ കുടുംബകഥയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കാനാണ് പദ്ധതി.