റോഷന്‍ ആന്‍ഡ്രൂസ് ചിത്രങ്ങളില്‍ കമല്‍ഹാസനും സൂര്യയും!

Webdunia
ശനി, 20 ജൂണ്‍ 2015 (21:23 IST)
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ തമിഴ് സിനിമയിലെ ഉന്നതന്‍‌മാര്‍ അഭിനയിക്കുന്നു. റോഷന്‍റെ മലയാള ചിത്രത്തില്‍ നായകന്‍ കമല്‍ഹാസന്‍. തമിഴ് ചിത്രത്തില്‍ നായകന്‍ സൂര്യ. രണ്ടുചിത്രങ്ങള്‍ക്കും തിരക്കഥ രചിക്കുന്നത് സഞ്ജയ് - ബോബി.
 
ട്രാഫിക്, മുംബൈ പോലീസ് എന്നീ സിനിമകള്‍ കണ്ട് ഇഷ്ടപ്പെട്ട കമല്‍ഹാസന്‍ തിരക്കഥാകൃത്തുക്കളായ സഞ്ജയോടും ബോബിയോടും തനിക്കുവേണ്ടി ഒരു തിരക്കഥ എഴുതാന്‍ ആവശ്യപ്പെടുകയായിരുന്നു. രണ്ടുതവണ കമല്‍ ഇവരുമായി ചര്‍ച്ച നടത്തി. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഒരു മലയാള ചിത്രം എന്ന രീതിയില്‍ പ്രൊജക്ട് തീരുമാനമായി.
 
എന്നാല്‍ കമല്‍ഹാസന്‍ ചിത്രത്തിനായുള്ള കഥ അന്തിമമായി തീരുമാനിച്ചിട്ടില്ല. കമല്‍ഹാസന്‍ എന്ന നടനെ പൂര്‍ണമായി ആവശ്യപ്പെടുന്ന ഒരു കഥയ്ക്കായാണ് റോഷനും സഞ്ജയ്-ബോബി ടീമും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
 
അതേസമയം, ജ്യോതിക നായികയായ 36 വയതിനിലേ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം റോഷന്‍ സംവിധാനം ചെയ്യുന്ന അടുത്ത തമിഴ് ചിത്രത്തില്‍ സൂര്യ നായകനാകും. സൂര്യയുടെ ആവശ്യപ്രകാരമാണ് ഈ പ്രൊജക്ട് രൂപപ്പെടുന്നത്. തനിക്കുവേണ്ടി ഒരു സിനിമ ചെയ്യാമോ എന്ന് സൂര്യ റോഷനോട് ചോദിക്കുകയായിരുന്നു. അത് സമ്മതിച്ച റോഷന്‍ തിരക്കഥാകൃത്തുക്കളായി സഞ്ജയ് - ബോബി ടീമിനെ നിര്‍ദ്ദേശിക്കുകയായിരുന്നു.