ഇതുവരെയുള്ള ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡുകള്‍ തകര്‍ക്കാനൊരുങ്ങിയാണ് രജനി ചിത്രമായ കബാലി മുന്നേറിക്കൊണ്ടിരിക്കുന്നത്. സിനിമ റിലീസ് ചെയ്യുന്നതിന് മുൻപേ ചിത്രം നേടിയത് 200 കോടി രൂപ. ജൂലൈ ആദ്യ വാരത്തോടെ ചിത്രം തിയറ്ററുകളിലെത്തും. രണ്ട് കോടിയിലേറെ ക്ലിക്കുകൾ നേടിയ ആദ്യ ഇന്ത്യൻ സിനിമ ടീസർ എന്ന റെക്കോര്‍ഡും കബാലി ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞു.
ചിത്രം റിലീസ് ചെയ്യുന്ന സംസ്ഥാനങ്ങളിലെല്ലാം തിയറ്റർ വിതരണാവകാശം വൻ തുകയ്ക്കാണ് വിറ്റുപോയത്. കർണാടകയിൽ നിർമാതാവ് റോക്ലിൻ വെങ്കിടേഷ് റെക്കോർഡ് തുകയ്ക്കാണ് വിതരണം സ്വന്തമാക്കിയത്. തിങ്ക് മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തമാക്കിയത്. ചിത്രത്തിന്റെ തെലുങ്ക് പതിപ്പും ഇതിനോടകം തന്നെ വന്‍ തുകയ്ക്ക് കരാർ ഉറപ്പിച്ച് കഴിഞ്ഞു. ചിത്രത്തിന്റെ ഹിന്ദി പതിപ്പിനായി ബോളിവുഡിലെ രണ്ട് പ്രമുഖവിതരണക്കാർ മത്സരിക്കുകയാണ്.
ചിത്രത്തിന്റെ നാല്‍പ്പത് ശതമാനത്തോളം വരുമാനം നേടിയത് തമിഴ്‌നാടിന് പുറത്ത് നിന്നുള്ള വിതരണക്കാരില്‍ നിന്ന്മാത്രമാണ്. ഇത്തരത്തില്‍ ഒരു തെന്നിന്ത്യൻ താരം സംസ്ഥാനത്തിന് പുറത്ത് നിന്നുമുള്ള വിതരണത്തില്‍ നിന്ന് ഇത്ര വരുമാനം നേടുന്നതും ആദ്യമായാണ്. മുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വിതരണക്കാര്‍ ചെന്നൈയിലെ ചെങ്കൽപേട്ട് ഭാഗത്തെ വിതരണത്തിന് മാത്രം 16 കോടിയാണ് നല്‍കാമെന്ന് ഏറ്റത്. ഏറ്റവും കൂടുതല്‍ ഭാഷയില്‍ വിവിധ രാജ്യങ്ങളില്‍ ഒറെസമയം റിലീസ് ചെയ്യുന്ന ഏക സിനിമയെന്ന റെക്കോർഡും കബാലിയ്ക്കായിരിക്കും. 5000 സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.
അതേസമയം, ചൈനയിലെ പ്രമുഖ കമ്പനി സിനിമയുടെ ചൈനീസ് പതിപ്പിന് താൽപര്യം പ്രകടിപ്പിച്ച് രംഗത്തെത്തി.