രാജമൌലിയുടെ ‘ഗരുഡ’യില്‍ മോഹന്‍ലാല്‍ നായകന്‍ !

Webdunia
ചൊവ്വ, 29 സെപ്‌റ്റംബര്‍ 2015 (21:44 IST)
ഇന്ത്യന്‍ സിനിമയുടെ എല്ലാ അതിര്‍ത്തികളും ഭേദിക്കുകയാണ് സംവിധായകന്‍ എസ് എസ് രാജമൌലി. ബാഹുബലി എന്ന ഒറ്റച്ചിത്രം കൊണ്ട് ഹോളിവുഡ് അതികായര്‍ വരെ അമ്പരന്നുപോയ ഈ സംവിധായകന്‍ ഇനി ചെയ്യുന്നത് ലോകം കീഴടക്കാന്‍ പോകുന്ന അത്ഭുതം.
 
ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം രാജമൌലി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഗരുഡ’ എന്നാണ് പേരിട്ടിരിക്കുന്നത്. 1000 കോടി രൂപയാണ് സിനിമയുടെ ബജറ്റ്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ഉള്‍പ്പടെ ഇന്ത്യയിലെ മിക്ക ഭാഷകളിലുമായി പുറത്തിറങ്ങുന്ന സിനിമ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയെത്തുമെന്നും സൂചനയുണ്ട്. ഇപ്പറഞ്ഞതിനേക്കാളൊക്കെ കൌതുകമുണര്‍ത്തുന്ന ഒരു റിപ്പോര്‍ട്ട് വരുന്നു. ഈ ചിത്രത്തില്‍ മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ നായകനാകും എന്നതാണത്.
 
മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങളുടെ സാന്നിധ്യവുമുണ്ടാകുമെന്നാണ് വിവരം. മലയാളത്തില്‍ നിന്ന് ദുല്‍ക്കര്‍ സല്‍മാനും ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്. 
 
രാജമൌലിയുടെ പിതാവും ബാഹുബലി, ബജ്‌റംഗി ബായിജാന്‍ തുടങ്ങിയ വമ്പന്‍ ഹിറ്റുകളുടെ തിരക്കഥാകൃത്തുമായ വിജയേന്ദ്രപ്രസാദാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
 
ഇപ്പോള്‍ ‘ബാഹുബലി: ദി കണ്‍‌ക്ലൂഷന്‍’ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിലാണ് രാജമൌലി. അതിനുശേഷം ഗരുഡയുടെ ജോലികള്‍ ആരംഭിക്കും. പുരാണവും ചരിത്രവും സമകാലീന ഇന്ത്യയുമൊക്കെ പ്രതിപാദിക്കുന്ന സിനിമയായിരിക്കും ഗരുഡ. സാബു സിറിള്‍ തന്നെയായിരിക്കും ചിത്രത്തിന്‍റെ പ്രൊജക്ട് ഡിസൈനര്‍.