മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന പ്രിയദര്ശന് ചിത്രം ‘ഒപ്പം’ ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. കൊച്ചിയും ഊട്ടിയുമാണ് ഈ സിനിമയുടെ ലൊക്കേഷനുകള്‍. സഞ്ജിത നായികയാകുന്ന സിനിമയുടെ ഛായാഗ്രഹണം ഏകാംബരം. പ്രിയദര്‍ശന്റെ ‘വെട്ടം’ ക്യാമറയിലാക്കിയത് ഏകാംബരമാണ്.
അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് റിപ്പോര്‍ട്ട്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്.
അന്ധനായ നായകന് ഒരു കൊലപാതകം നടത്തിയതായി ആരോപണം ഉയരുന്നു. തുടര്‍ന്ന് നിയമവും കൊല്ലപ്പെട്ടയാളുടെ ആളുകളും ഈ അന്ധനെ കുടുക്കാന്‍ വലമുറുക്കുന്നു. ഗത്യന്തരമില്ലാതെ, യഥാര്‍ത്ഥ കുറ്റവാളിയെ തേടി ഈ അന്ധന് ഇറങ്ങിത്തിരിക്കുന്നു. സംഭ്രമജനകമായ ഈ കഥയില്‍ മോഹന്‍ലാല്‍ എന്ന നടന് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രത്തെയാണ് ലഭിച്ചിരിക്കുന്നത്.
നവാഗതനായ ഗോവിന്ദ് തിരക്കഥ രചിച്ചിരിക്കുന്ന ഒപ്പത്തിലെ വില്ലന്‍ സമുദ്രക്കനിയാണ്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമയാണ് ഒപ്പം.
നെടുമുടി വേണു, മാമുക്കോയ തുടങ്ങിയവരും അഭിനയിക്കുന്നു. ഗുരു, യോദ്ധ എന്നീ സിനിമകളില്‍ മോഹന്‍ലാല്‍ അന്ധകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.