മോഹന്‍ലാലിന് വില്ലന്‍ പൃഥ്വി, സംവിധാനം - എം പത്‌മകുമാര്‍

Webdunia
ചൊവ്വ, 11 ജനുവരി 2011 (20:59 IST)
PRO
‘കസിന്‍സ്’ അല്ല. ചരിത്രമുഹൂര്‍ത്തം ഒരുക്കുന്നത് ലാല്‍ ജോസുമല്ല. യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും ബിഗ് സ്റ്റാര്‍ പൃഥ്വിരാജും ആദ്യമായി ഒരുമിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് എം പദ്മകുമാറാണ്. ശിക്കാര്‍ എന്ന മെഗാഹിറ്റിന് ശേഷം പത്മകുമാര്‍ ഒരുക്കുന്ന ലാല്‍ ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.

നേരത്തേ, ലാല്‍ ജോസിന്‍റെ കസിന്‍സിലൂടെ മലയാള സിനിമയുടെ സുവര്‍ണ നക്ഷത്രങ്ങള്‍ ഒന്നിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍, വളരെ പെട്ടെന്നുണ്ടായ ചില ആലോചനകള്‍ മറ്റൊരു വമ്പന്‍ പ്രൊജക്ടിന് രൂപം കൊടുത്തിരിക്കുകയാണ്. മലയാളത്തില്‍ പൃഥ്വിരാജ് ആദ്യമായി വില്ലനാകുന്നു എന്നതാണ് ഈ സിനിമയുടെ പ്രധാന പ്രത്യേകതകളിലൊന്ന്.

ശിക്കാറിന് തിരക്കഥയെഴുതിയ എസ് സുരേഷ്ബാബു തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ രചിക്കുന്നത്. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തുന്ന ഗള്‍ഫ് മലയാളിയായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത്. തുടര്‍ന്ന് അയാള്‍ അവിചാരിതമായി കേരളത്തില്‍ നിന്ന് തമിഴ്നാട് വഴി മൈസൂറിലേക്ക് ഒരു യാത്ര നടത്തുന്നു. ഈ യാത്രയിലാണ് പൃഥ്വി അവതരിപ്പിക്കുന്ന വില്ലന്‍ അയാളുടെ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

വന്‍ ബജറ്റിലൊരുക്കുന്ന ഈ സിനിമയുടെ മറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ത്രില്ലടിപ്പിക്കുന്ന കഥ വായിച്ചുകേട്ട മോഹന്‍ലാലും പൃഥ്വിരാജും ആവേശത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പോക്കിരിരാജയില്‍ മമ്മൂട്ടിയുടെ അനുജന്‍ വേഷത്തിലായിരുന്നു പൃഥ്വി അഭിനയിച്ചത്. എന്നാല്‍ ഈ സിനിമയില്‍ വില്ലനാകാനുള്ള അവസരം ലഭിച്ചതാണ് പൃഥ്വിയെ സന്തോഷിപ്പിക്കുന്നത്. മോഹന്‍ലാലിനും പൃഥ്വിക്കും മത്സരിച്ചഭിനയിക്കാന്‍ സാധ്യതയേറെയുള്ള സങ്കീര്‍ണമായ ഒരു കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

എന്തായാലും മോഹന്‍ലാലിന്‍റെയും പൃഥ്വിയുടെയും ആരാധകര്‍ക്ക് സന്തോഷിക്കാം. ഒരു ഉഗ്രന്‍ ആക്ഷന്‍ ഫാമിലി ചിത്രത്തില്‍ തങ്ങളുടെ പ്രിയപ്പെട്ട നായകന്‍‌മാരുടെ അഭിനയമത്സരം കാണുവാനുള്ള അവസരമാണ് അവരെ കാത്തിരിക്കുന്നത്.