രജനികാന്തിന്‍റെ ‘കബാലി’യുടെ കേരളത്തിലെ വിതരണാവകാശം എട്ടുകോടി രൂപയ്ക്ക് മേല്‍ മുടക്കിയാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്. അത്രയും വലിയ തുക ചെലവഴിച്ച് കബാലി വിതരണത്തിനെടുക്കാനുള്ള തീരുമാനം അങ്ങേയറ്റം ശരിയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു കേരളത്തിലെ കബാലിയുടെ പ്രകടനം. ആദ്യ ദിവസം തന്നെ നാലുകോടിക്ക് മേല്‍ കളക്ഷന്‍ നേടിയ കബാലി മോഹന്‍ലാലിന് കോടികളുടെ ലാഭമാണ് നേടിക്കൊടുത്തത്.
എന്തായാലും ഏറ്റവുമധികം രൂപ മുടക്കി ഒരു സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയ റെക്കോര്‍ഡ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോഹന്‍ലാലിന് നഷ്ടമാകുകയാണ്. എസ് എസ് രാജമൌലിയുടെ ‘ബാഹുബലി 2’ന് കേരളത്തിലെ വിതരണാവകാശത്തുകയായി ലഭിച്ചിരിക്കുന്നത് 10.50 കോടി രൂപയാണ്.
ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയാണ് ഇത്രയും വലിയ തുക നല്‍കി ബാഹുബലി 2വിന്‍റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ബാഹുബലി 2ന്‍റെ ചിത്രീകരണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. 2017 ഏപ്രിലിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. പ്രഭാസ് നായകനാകുന്ന സിനിമയില്‍ അനുഷ്ക ഷെട്ടിയാണ് നായിക.
ബാഹുബലിയുടെ ആദ്യഭാഗവും ഷങ്കര്‍ ചിത്രമായ ‘ഐ’യും കേരളത്തില്‍ വിതരണം ചെയ്തത് ഗ്ലോബല്‍ യുണൈറ്റഡ് മീഡിയയായിരുന്നു.