മേളയില്‍ അഭിമാനമായി ഒറ്റാല്‍, സുവര്‍ണചകോരം ഉള്‍പ്പടെ 4 പുരസ്കാരങ്ങള്‍

Webdunia
വെള്ളി, 11 ഡിസം‌ബര്‍ 2015 (19:17 IST)
തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ആവേശമായി ജയരാജ് ചിത്രം ‘ഒറ്റാല്‍’. സുവര്‍ണചകോരം ഉള്‍പ്പടെ നാലുപുരസ്കാരങ്ങളാണ് ഒറ്റാല്‍ നേടിയത്. സുവര്‍ണ ചകോരം, നെറ്റ്പാക് പുരസ്കാരം, ഫിപ്രസി പുരസ്കാരം, ജനപ്രിയ ചലച്ചിത്രപുരസ്കാരമായ രജത ചകോരം എന്നിവയാണ് ഒറ്റാല്‍ നേടിയത്. മാത്രമല്ല, ചിത്രത്തിലഭിനയിച്ച ബാലനടന് പ്രത്യേക പരാമര്‍ശവുമുണ്ടായി.
 
ഷാഡോ ബിഹൈന്‍ഡ് ദ് മൂണ്‍ എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ ജൂണ്‍ റോബ്ലസ് ലാന മികച്ച സംവിധായകനുള്ള പുരസ്കാരം ലഭിച്ചപ്പോള്‍ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം സനല്‍ കുമാര്‍ ശശിധരന്‍റെ ‘ഒഴിവുദിവസത്തെ കളി’ സ്വന്തമാക്കി.
 
ഗവര്‍ണര്‍ പി സദാശിവമാണ് പുരസ്‌കാരങ്ങള്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് സമ്മാനിച്ചത്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ തുടങ്ങിയവര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു. 
 
മികച്ച പരിസ്ഥിതി സംരക്ഷണ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള ദേശീയ അവാര്‍ഡുകള്‍ ഒറ്റാല്‍ നേടിയിരുന്നു. മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാര്‍ഡും ഒറ്റാലിനായിരുന്നു.