മുംബൈ പൊലീസ് ടീം വീണ്ടും, മറ്റൊരു സൂപ്പര്‍ ത്രില്ലര്‍!

വെള്ളി, 30 ഓഗസ്റ്റ് 2013 (15:35 IST)
PRO
മലയാള സിനിമയില്‍ ഇമോഷണല്‍ പൊലീസ് സ്റ്റോറീസ് കുറവാണ്. നമ്മള്‍ കണ്ടിട്ടുള്ളത് അലറുകയും പൊട്ടിത്തെറിക്കുകയും അമ്പതുപേരെ അടിച്ചുതെറിപ്പിക്കുകയും ചെയ്യുന്ന അമാനുഷരായ പൊലീസ് കഥാപാത്രങ്ങളെയാണ്. മമ്മൂട്ടിയും സുരേഷ്ഗോപിയും ഇത്തരം പൊലീസ് കഥാപാത്രങ്ങളായി തകര്‍ത്തഭിനയിച്ചു. മമ്മൂട്ടിയുടെ ആവനാഴി മാത്രമായിരുന്നു ഹൃദയവികാരങ്ങള്‍ക്ക് പ്രാധാന്യം കൊടുത്ത ഒരു പൊലീസ് സിനിമ.

അതില്‍ നിന്നെല്ലാം ഒരു മാറ്റം കൊണ്ടുവന്ന ചിത്രമാണ് ‘മുംബൈ പൊലീസ്’. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഈ ത്രില്ലര്‍ സിനിമ ഭൂതകാലം മറന്നുപോയ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ കേസ് അന്വേഷണ വഴികളാണ് പറഞ്ഞത്. പൃഥ്വിരാജ് എന്ന നടന്‍റെ അപാരമായ അഭിനയമികവ് സാക്ഷ്‌ഷ്യപ്പെടുത്തിയ സിനിമ. അതിന് ശേഷം മെമ്മറീസ് എന്ന സിനിമയിലും പൃഥ്വി ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ മാനസികവ്യാപാരങ്ങളെ ഗംഭീരമായി അവതരിപ്പിച്ചു.

മുംബൈ പൊലീസ് ടീം വീണ്ടും ഒന്നിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യും. പൃഥ്വി തന്നെ നായകനാകും. മുംബൈ പൊലീസ് നിര്‍മ്മിച്ച നിഷാദ് ഹനീഫ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്.

മുംബൈ പൊലീസ് പോലെ ഇതും ഒരു ത്രില്ലര്‍ ആയിരിക്കുമെന്നാണ് പ്രാഥമിക വിവരം. അടുത്ത വര്‍ഷം ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

റോഷന്‍ ആന്‍ഡ്രൂസ് ഇപ്പോള്‍ കുഞ്ചാക്കോ ബോബനെ നായകനാക്കി ചെയ്യുന്ന ‘ഹൌ ഓള്‍ഡ് ആര്‍ യു?’ എന്ന കോമഡിച്ചിത്രത്തിന്‍റെ തിരക്കിലാണ്. സഞ്ജയ് - ബോബി ടീം തന്നെയാണ് തിരക്കഥയെഴുതുന്നത്. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്നു.

വെബ്ദുനിയ വായിക്കുക