തെന്നിന്ത്യന്‍ സിനിമാതാരം മീനയുടെ വിവാഹം തിരുപ്പതിയില്‍ വച്ച് നടന്നു. ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായ വിദ്യാസാഗറാണ് വരന്‍. വധുവിന്റെയും വരന്റെയും ഉറ്റ ബന്ധുക്കളും വിരലില്‍ എണ്ണാവുന്ന സിനിമാതാരങ്ങളും മാത്രമേ ചടങ്ങില്‍ പങ്കെടുത്തുള്ളൂ. സംവിധായകന്‍ ചേരനും നടി സംഘ്‌വിയും മീനയോടൊപ്പം ഉണ്ടായിരുന്നു. സിനിമാരംഗത്തുള്ളവര്‍ക്കായി ചെന്നൈയിലും ബാംഗ്ലൂരിലും റിസപ്ഷന്‍ ഒരുക്കിയിട്ടുണ്ട്.
കനത്ത സുരക്ഷാവലയത്തിലാണ് വിവാഹം നടന്നത്. ഫോട്ടോ എടുക്കാന്‍ പാടില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് മുന്‍കൂട്ടി തന്നെ അറിയിച്ചിരുന്നു. എങ്കിലും വിവാഹസമയത്ത് ചില മാധ്യമപ്രവര്‍ത്തകര്‍ ഫോട്ടോയെടുക്കാന്‍ തുനിഞ്ഞത് ചെറിയ സംഘര്‍ഷത്തിന് ഇടയാക്കി. മീനയുടെ കുടുംബം ഏര്‍പ്പാട് ചെയ്തിരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഒരു ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചതായി ആരോപണമുണ്ട്.
തിരുപ്പതി ഭഗവാന്റെ വലിയ ഭക്തയാണ് മീന. സമയം കിട്ടുമ്പോഴൊക്കെ തിരുപ്പതിയിലെത്തി ദര്‍ശനം നടത്താറുണ്ട് ഈ സിനിമാതാരം. വിവാഹജീവിതത്തിലേക്കു കടക്കും മുന്‍പ് തിരുപ്പതി ഭഗവാന്‍റെ അനുഗ്രഹം വാങ്ങാന്‍ മീന എത്തിയിരുന്നു. ആദ്യ ക്ഷണക്കത്ത് ഭഗവാന്‍റെ പാദങ്ങളില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വിവാഹത്തിന് ശേഷവും അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയ കാവ്യാ മാധവന്റെ വഴി പിന്തുടരുകയാണ് മീനയും. വിവാഹശേഷവും താന്‍ സജീവമായി സിനിമാ - ടെലിവിഷന്‍ രംഗങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മീന പറയുന്നു. കുട്ടിക്കാലം മുതലേ സിനിമയുടെ ഭാഗമായിരുന്നതിനാല്‍ വിവാഹശേഷവും അഭിനയം തുടരുന്നതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നാണ് മീനയുടെ അഭിപ്രായം.
ശിവാജി ഗണേശന്റെ നെഞ്ചങ്കള്‍ (1982) എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് സിനിമയിലേക്ക് മീന കാലെടുത്ത് വയ്ക്കുന്നത്. 'ഒരു പുതിയ കതൈ' എന്ന തമിഴ് ചിത്രത്തിലൂടെ നായികയായി. തുടര്‍ന്ന് എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും പ്രമുഖ താരങ്ങളുടെ നായികയായി അഭിനയിച്ചു. സ്വാന്ത്വനം എന്ന സിനിമയിലൂടെയാണ് മീന മലയാളത്തില്‍ കാലെടുത്ത് വച്ചത്.