മലര്‍. ഒരു തമിഴ് പെണ്‍കുട്ടിയുടെ പേര്. ഇന്ന് ഈ പേര് മലയാള സിനിമയില്‍ തരംഗമാകുകയാണ്. ‘പ്രേമം’ എന്ന ബ്രഹ്മാണ്ഡഹിറ്റ് ചിത്രത്തിലെ നായികാ കഥാപാത്രത്തിന്‍റെ പേരാണ് മലര്‍. ഈ കഥാപാത്രത്തോടുള്ള പ്രണയം പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ വാക്കുകളായും ചിത്രങ്ങളായും പകര്‍ത്തുകയാണ്.
സായ് പല്ലവി എന്ന കൊട്ടഗിരി സ്വദേശിനിയാണ് മലര്‍ എന്ന കഥാപാത്രത്തിന് ജീവന്‍ നല്‍കിയത്. തമിഴ്നാട്ടില്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയപ്പോഴാണ് സായ് പല്ലവി ശ്രദ്ധേയയാകുന്നത്. പിന്നീട് പരസ്യചിത്രങ്ങളിലും അഭിനയിച്ചു. അങ്ങനെ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍റെ ശ്രദ്ധയില്‍പ്പെട്ടു.
മലര്‍ എന്ന കഥാപാത്രത്തിന്‍റെ ഡാന്‍സ് ‘പ്രേമം’ എന്ന സിനിമയുടെ പ്രേക്ഷകന് സര്‍പ്രൈസായി ലഭിക്കുന്നു. പ്രേമത്തില്‍ മറ്റ് രണ്ട് നായികമാര്‍ കൂടിയുണ്ടെങ്കിലും മലരാണ് പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നത്.
മലയാള സിനിമയില്‍ ഇതിനുമുമ്പ് ഇതുപോലെ തരംഗം ഉയര്‍ത്തിയത് നദിയ മൊയ്തുവും അമലയുമൊക്കെയാണ്. നോക്കെത്താദൂരത്ത് കണ്ണും നട്ട്, എന്‍റെ സൂര്യപുത്രിക്ക് തുടങ്ങിയ സിനിമകള്‍ റിലീസായപ്പോള്‍ ഇപ്പോള്‍ സായ് പല്ലവിക്ക് ലഭിക്കുന്നതിന് സമാനമായ സ്വീകരണമായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്.
ഡോക്ടറായ സായ് പല്ലവി ഇപ്പോള്‍ ജോര്‍ജിയയില്‍ ഉപരിപഠനം നടത്തിക്കൊണ്ടിരിക്കുകയാണ്.