മലയാളത്തിന്‍റെ വിക്രം ഇനി വീരപ്പന്‍ വേഷത്തില്‍!

Webdunia
ബുധന്‍, 21 ജനുവരി 2015 (17:53 IST)
ഓരോ സിനിമയിലും ഓരോ രൂപം. ഓരോ ഭാവം. ജയസൂര്യ മലയാളത്തിന്‍റെ വിക്രമോ കമല്‍ഹാസനോ ഒക്കെയാകാനുള്ള ശ്രമം നിരന്തരം നടത്തിവരികയാണ്. പുതിയ ലുക്ക് കണ്ടാല്‍ സാക്ഷാല്‍ വീരപ്പനാണെന്നേ തോന്നൂ. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന 'ആട് ഒരു ഭീകരജീവിയാണ്' എന്ന ചിത്രത്തിലെ ഷാജി പാപ്പന്‍ എന്ന കഥാപാത്രത്തിനുവേണ്ടിയാണ് ഈ പരീക്ഷണം.
 
ഓം ശാന്തി ഓശാനയുടെ തിരക്കഥാകൃത്ത് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫെബ്രുവരി ആറിന് പ്രദര്‍ശനത്തിനെത്തും. ഇടുക്കിയാണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍. വിനായകന്‍, സൈജു കുറുപ്പ്, വിജയ് ബാബു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
"പട്ടിത്താനം കൊച്ചേട്ടന്‍ മെമ്മോറിയല്‍ എവര്‍‌റോളിംഗ് ട്രോഫിക്കും 22222 രൂപയ്ക്കും ഒരു കൂറ്റന്‍ മുട്ടനാടിനും വേണ്ടിയുള്ള വടം‌വലി മത്സരത്തിന്‍റെ ഫൈനല്‍ ഗോദയിലേക്ക് ഇതാ ഹൈറേഞ്ചിന്‍റെ പൊന്നോമനകള്‍ - വിന്നേഴ്സ് പോത്തുമുക്ക്" - എന്നാണ് ചിത്രത്തിന്‍റെ പോസ്റ്ററിലെ ഒരു പരസ്യവാചകം.
 
ഫ്രൈഡേ ഫിലിം ഹൌസിന്‍റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്ര തോമസും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. വിഷ്ണു ശര്‍മ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ആടിന് സംഗീതം നല്‍കുന്നത് ഷാന്‍ റഹ്‌മാന്‍. വടം‌വലി മത്സരത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കോമഡി ത്രില്ലറായിരിക്കും ഈ സിനിമ.  വടം‌വലി മത്സരത്തിന് സമ്മാനമായി ലഭിക്കുന്ന പിങ്കി എന്ന ആടുമായി ഷാജി പാപ്പനും സംഘവും നടത്തുന്ന യാത്രയിലെ രസകരമായ രംഗങ്ങള്‍ സിനിമയുടെ മുഖ്യാകര്‍ഷണമായിരിക്കും.