മമ്മൂട്ടി ദുല്‍ക്കറില്‍ നിന്ന് അഭിനയം പഠിക്കണം; ദുല്‍ക്കറിന് മുന്‍പില്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്: രാം ഗോപാല്‍ വര്‍മ്മ

Webdunia
ബുധന്‍, 22 ഏപ്രില്‍ 2015 (15:49 IST)
യുവനായകന്‍ ദുല്‍ക്കര്‍ നായകനായ ഒ കെ കണ്‍മണി തമിഴ്‌നാട്ടിലും ആന്ധ്രയിലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. ചിത്രത്തിലെ ദുല്‍ക്കറിന്റെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ദുല്‍ക്കറിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തി സംവിധായകരായ മണിരത്‌നവും ഗൗതം വാസുദേവ മേനോനും രംഗത്തെത്തിയിരുന്നു. പ്രശസ്ത സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് ഏറ്റവുമൊടുവില്‍ ദുല്‍ക്കറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്.
 
റിയലിസ്റ്റിക്കായ അഭിനയം മമ്മൂട്ടി മകനില്‍നിന്ന് പഠിക്കണമെന്നും മകനുമായി താരത്മ്യം ചെയ്യുമ്പോള്‍ മമ്മൂട്ടി ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും ആര്‍ ജി വി പോസ്റ്റില്‍ പറയുന്നു. 
 
അവാര്‍ഡ് നിര്‍ണ്ണയ സമിതികളിലെ അംഗങ്ങള്‍ക്ക് എന്തെങ്കിലും ബോധമുണ്ടെങ്കില്‍ മമ്മൂട്ടിയില്‍ നിന്ന് പുരസ്‌ക്കാരങ്ങള്‍ തിരികെ വാങ്ങി മകന് നല്‍കുമെന്നും കേരളത്തിന് വെളിയിലുള്ള മാര്‍ക്കറ്റുകളില്‍ മമ്മൂട്ടിക്ക് ദശാബ്ദങ്ങളായി ചെയ്യാന്‍ കഴിയാത്തത് മകന്‍ ചില വര്‍ഷങ്ങള്‍ക്കുള്ളില്‍ ചെയ്യുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.  എന്നാല്‍ പത്ത് ജന്മമെടുത്താലും മമ്മൂട്ടിയുടെ ലക്ഷത്തില്‍ ഒരംശമുള്ള നടനാകാന്‍ തനിക്കാവില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആര്‍ജിവിയുടെ കമന്റുകള്‍ക്ക് മറുപടി നല്‍കി.