മമ്മൂട്ടി ഇനിയും കാത്തിരിക്കണം, ജീത്തുവിന്‍റെ പുതിയ ചിത്രത്തിലും മോഹന്‍ലാല്‍!

Webdunia
വെള്ളി, 23 മെയ് 2014 (18:02 IST)
ദൃശ്യത്തിന്‍റെ മഹാവിജയത്തിന് ശേഷം ജീത്തു ജോസഫിന് ആകെ തിരക്കാണ്. ദൃശ്യത്തിന്‍റെ തമിഴ് റീമേക്കിന്‍റെ ജോലികളിലാണ് ജീത്തു ഇപ്പോള്‍. അതിന് ശേഷം ചെയ്യുന്ന മലയാള സിനിമകളിലേക്ക് കാസ്റ്റ് ചെയ്യപ്പെടാന്‍ താരങ്ങള്‍ മത്സരിക്കുകയാണ്. ആ സിനിമകള്‍ നിര്‍മ്മിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കിടയിലും മത്സരമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 
അതേസമയം, ജീത്തു ജോസഫിന്‍റെ അടുത്ത മലയാള ചിത്രത്തിലെ നായകനും മോഹന്‍ലാല്‍ തന്നെ എന്ന് വിവരം ലഭിച്ചിരിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ഒരു കുടുംബകഥയാണ് ഇത്തവണ ജീത്തു പറയുന്നത്. ദൃശ്യത്തിന്‍റെ മഹാവിജയം കൊണ്ടുതന്നെ മോഹന്‍ലാല്‍ - ജീത്തു ജോസഫ് പ്രൊജക്ടിന്‍‌മേല്‍ വന്‍ പ്രതീക്ഷകളാണ് പ്രേക്ഷകര്‍ പുലര്‍ത്തുന്നത്.
 
ത്രില്ലര്‍ ജോണറാണ് ജീത്തു ജോസഫിന് ഏറ്റവും പ്രിയപ്പെട്ടത്. ഡിറ്റക്ടീവ്, മെമ്മറീസ്, ദൃശ്യം എന്നിവയെല്ലാം ത്രില്ലറുകള്‍ തന്നെ. അതുകൊണ്ടുതന്നെ പുതിയ ചിത്രവും ഒരു ഫാമിലി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
ദൃശ്യം സിനിമയില്‍ നായകനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെയായിരുന്നു. മമ്മൂട്ടി ഒഴിവാക്കിയപ്പോഴാണ് അത് മോഹന്‍ലാലിലേക്കെത്തിയത്. ഒരു ജീത്തു ജോസഫ് ചിത്രത്തില്‍ മമ്മൂട്ടി നായകനായിക്കാണാന്‍ ആരാധകര്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ അതിന് ഇനിയും കാത്തിരിക്കണമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.