മമ്മൂട്ടിയെ വീഴ്ത്തി പൃഥ്വിരാജ് മികച്ച നടനാകുമോ? സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചൊവ്വാഴ്ച, അവാര്‍ഡുകള്‍ ഈ രീതിയിലായേക്കാം!

Webdunia
തിങ്കള്‍, 29 ഫെബ്രുവരി 2016 (14:44 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ചൊവ്വാഴ്ച പ്രഖ്യാപിക്കും. സിനിമാമന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൊവ്വാഴ്ച ഉച്ചയോടെ ഫലപ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്.
 
മികച്ച നടനാവാനുള്ള മത്സരം മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലാണ്. എന്ന് നിന്‍റെ മൊയ്തീനിലൂടെ പൃഥ്വിയും പത്തേമാരിയിലൂടെ മമ്മൂട്ടിയും ഏറ്റുമുട്ടുന്നു. കൂടുതല്‍ പേരും വിശ്വസിക്കുന്നത് പൃഥ്വിരാജ് തന്നെ മികച്ച നടനുള്ള പുരസ്കാരം നേടുമെന്നാണ്.
 
അങ്ങനെ വിശ്വസിക്കാന്‍ കാരണവുമുണ്ട്. ചില ചാനലുകളുടെയും പ്രസിദ്ധീകരണങ്ങളുടെയുമൊക്കെ അവാര്‍ഡുകള്‍ ഇത്തവണ പൃഥ്വിരാജിന് അനുകൂലമായിരുന്നു. അതുകൊണ്ടുതന്നെ പൃഥ്വി ആരാധകര്‍ സംസ്ഥാന അവാര്‍ഡും പ്രതീക്ഷിക്കുന്നുണ്ട്.
 
പൃഥ്വിരാജിന് ലഭിക്കുകയാണെങ്കില്‍ അത് അദ്ദേഹത്തിന് ലഭിക്കുന്ന മൂന്നാമത്തെ സംസ്ഥാന അവാര്‍ഡായിരിക്കും. വാസ്തവം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങള്‍ക്കാണ് അദ്ദേഹത്തിന് നേരത്തേ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ളത്.
 
മികച്ച നടിക്കായുള്ള മത്സരത്തില്‍ പാര്‍വതി തന്നെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മൊയ്തീനിലെ പ്രകടനം പാര്‍വതിക്ക് തുണയാകുമെന്നാണ് പ്രതീക്ഷ.
 
മികച്ച ചിത്രമാകാനും പത്തേമാരിയും എന്ന് നിന്‍റെ മൊയ്തീനും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്. മികച്ച സംവിധായകന്‍ പത്തേമാരി ഒരുക്കിയ സലിം അഹമ്മദ് ആയിരിക്കുമെന്ന് കൂടുതല്‍ പ്രേക്ഷകരും കരുതുന്നു.