മമ്മൂട്ടിയുടെ താപ്പാന ഉപേക്ഷിച്ചു?

Webdunia
ബുധന്‍, 21 ജനുവരി 2009 (15:36 IST)
PROPRO
മമ്മൂട്ടിയെ നായകനാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്യാനിരുന്ന ‘താപ്പാന’ എന്ന ചിത്രം ഉപേക്ഷിച്ചതായി സൂചന. മമ്മൂട്ടിച്ചിത്രം വേണ്ടെന്നു വച്ച് ജയറാമിനെ നായകനാക്കി പുതിയ സിനിമയൊരുക്കാനുള്ള നീക്കങ്ങള്‍ അക്കു അക്ബര്‍ ആരംഭിച്ചു. ചിത്രം വേണ്ടെന്നു വയ്ക്കാനുള്ള കാരണമെന്തെന്ന് അറിവായിട്ടില്ല.

എന്നാല്‍, ‘താപ്പാന’ വേണ്ടെന്നു വച്ചിട്ടില്ലെന്നും തല്‍‌ക്കാലത്തേക്ക് മാറ്റിവച്ചിരിക്കുകയാണെന്നും മറ്റു ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പട്ടാളം, ഒരുവന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥ രചിച്ച റെജി നായരാണ് താപ്പാനയ്ക്ക് തിരക്കഥ രചിച്ചത്. പട്ടാളവും ഒരുവനും ഹിറ്റാകാത്തതിനാല്‍ റെജി നായര്‍ക്ക് ഈ സിനിമ വിജയിക്കേണ്ടത് അത്യാവശ്യമാണ്. തിരക്കഥയിലെ പാളിച്ചകളാണോ താപ്പാനയെ വിട്ട് അക്കു അക്ബര്‍ ജയറാം പ്രൊജക്ടിലേക്ക് മാറിയതിന് കാരണമെന്ന് അറിവായിട്ടില്ല.

‘താപ്പാന’യില്‍ ഒരു ആനമുതലാളിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിക്കാനിരുന്നത്. ജയറാമിന്‍റെ ആനയെ ഈ സിനിമയില്‍ അഭിനയിപ്പിക്കാനും തീരുമാനിച്ചിരുന്നു.

കെ ഗിരീഷ് കുമാറിന്‍റെ തിരക്കഥയിലാണ് അക്കു പുതിയ ചിത്രം ഒരുക്കുന്നത്. ‘വെറുതെ ഒരു ഭാര്യ’യ്ക്ക് ശേഷം അക്കു - ഗിരീഷ് - ജയറാം ടീം അങ്ങനെ വീണ്ടും ഒരുമിക്കുകയാണ്.