മമ്മൂട്ടിച്ചിത്രത്തില്‍ പാട്ടില്ല, ഫൈറ്റില്ല, കരച്ചിലുമില്ല!

Webdunia
ശനി, 5 ജൂലൈ 2014 (12:56 IST)
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം മുന്നറിയിപ്പ് റിലീസ് നീണ്ടുപോകുകയാണ്. ജൂണ്‍ 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം ഇനി ഓഗസ്റ്റ് 15ന് മാത്രമേ റിലീസ് ചെയ്യുകയുള്ളൂ എന്നാണ് വിവരം. ഫുട്ബോളും മഴയും റംസാന്‍ നോമ്പുമെല്ലാം മുന്നറിയിപ്പിന്‍റെ റിലീസ് നീട്ടിവയ്ക്കാന്‍ കാരണമായി.

ദയ എന്ന സിനിമ കഴിഞ്ഞ് 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേണു ഒരു സിനിമ സംവിധാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെ മുന്നറിയിപ്പിനെക്കുറിച്ച് പ്രതീക്ഷകളും ഏറെയാണ്. എന്നാല്‍ മമ്മൂട്ടി നായകനായ ഒരു സാധാരണ കൊമേഴ്സ്യല്‍ ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതൊന്നും മുന്നറിയിപ്പില്‍ ഉണ്ടാകില്ലെന്നാണ് സംവിധായകന്‍ നല്‍കുന്ന സൂചന.

മുന്നറിയിപ്പില്‍ പാട്ടില്ല. ആക്ഷന്‍ രംഗങ്ങളില്ല. കരച്ചിലില്ല. അങ്ങനെയുള്ള കൊമേഴ്സ്യല്‍ ഘടകങ്ങള്‍ ഒന്നുമില്ലാതെ ഒരു കൊമേഴ്സ്യല്‍ ചിത്രമായിരിക്കും മുന്നറിയിപ്പ് എന്നാണ് വേണു പറയുന്നത്.

ഇതൊരു ഡയലോഗ് ഓറിയന്‍റഡ് ചിത്രമാണെന്നും സംവിധായകന്‍ അറിയിക്കുന്നു. അപര്‍ണ ഗോപിനാഥ്, രണ്‍ജി പണിക്കര്‍ എന്നിവരും ഈ സിനിമയിലെ പ്രധാന താരങ്ങളാണ്. ആര്‍ ഉണ്ണി തിരക്കഥയെഴുതിയ സിനിമ നിര്‍മ്മിച്ചത് രഞ്ജിത് ആണ്.