മമ്മൂട്ടിക്കൊപ്പം ഫഹദും തടിയനും!

Webdunia
ശനി, 19 ജനുവരി 2013 (16:22 IST)
PRO
മമ്മൂട്ടി വീണ്ടും കുതിപ്പ് തുടങ്ങി. അപ്രതീക്ഷിതമായി ചില ഗംഭീര പ്രൊജക്ടുകളുടെ വാര്‍ത്തകള്‍ കേട്ടുതുടങ്ങി. രഞ്ജിത്തിന്‍റെ ലീലയില്‍ മമ്മൂട്ടി നായകനാകുന്നു എന്നതാണ് അതില്‍ ഏറ്റവും ആഹ്ലാദകരമായ റിപ്പോര്‍ട്ട്. അതിന്‍റെ വിശദാംശങ്ങള്‍ മലയാളം വെബ്‌ദുനിയയില്‍ ഉടന്‍ വായിക്കാനാകുന്നതാണ്.

ഇപ്പോഴിതാ, ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നു. മമ്മൂട്ടിയാണ് നായകന്‍. ഫഹദ് ഫാസില്‍ സുപ്രധാന റോളിലെത്തുന്നു. ആഷിക് അബു ‘ടാ തടിയാ’യിലൂടെ അവതരിപ്പിച്ച ശേഖര്‍ മേനോനും ചിത്രത്തില്‍ നല്ല കഥാപാത്രമാണുള്ളത്. മേയ് - ജൂണില്‍ ചിത്രീകരണം ആരംഭിക്കും.

എന്നാല്‍ ഈ പ്രൊജക്ടിന്‍റെ പേരോ മറ്റ് വിശദാംശങ്ങളോ അറിയിച്ചിട്ടില്ല. ‘ഗാംഗ്സ്റ്റര്‍’ എന്ന പേരില്‍ ഒരു അധോലോക കഥ മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു ചെയ്യാനിരുന്നതാണ്. അഹമ്മദ് സിദ്ദിഖ് ആണ് തിരക്കഥ രചിച്ചത്. തിരക്കഥയില്‍ കൂടുതല്‍ മാറ്റങ്ങള്‍ വേണ്ടതിനാല്‍ പ്രൊജക്ട് നീട്ടിവയ്ക്കുകയായിരുന്നു.

എന്നാല്‍ ഫഹദ് ഫാസിലിന്‍റെയും തടിയന്‍റെയും സാന്നിധ്യം ഇത് ഒരു അധോലോക സിനിമയായിരിക്കില്ല എന്ന സൂചനയാണ് നല്‍കുന്നത്. എന്തായാലും മമ്മൂട്ടിയുടെ വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ആഷിക് അബു ഒരുക്കുക എന്ന കാര്യത്തില്‍ ഏതുമില്ല സംശയം.