മണിരത്നത്തിന്‍റെ നില തൃപ്തികരം

Webdunia
വ്യാഴം, 16 ഏപ്രില്‍ 2009 (13:39 IST)
PROPRO
വിഖ്യാത ചലച്ചിത്ര സംവിധായകന്‍ മണിരത്നത്തിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് മണിരത്നം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ബുധനാഴ്ച പുലര്‍ച്ചെയാണ് നെഞ്ചുവേദനയെ തുടര്‍ന്ന് മണിരത്നത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഹൃദ്രോഗവിദഗ്‌ധരും മറ്റ് ഡോക്ടര്‍മാരും മണിരത്നത്തെ പരിശോധിക്കുന്നുണ്ട്. ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം.

ഒരു മാസമെങ്കിലും മണിരത്നത്തിന് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ ചിത്രീകരണം നടന്നുവരുന്ന ഹിന്ദി - തമിഴ് ചിത്രമായ ‘രാവണ’യുടെ ചിത്രീകരണം നിര്‍ത്തിവച്ചിട്ടുണ്ട്. ഒരു മാസത്തിന് ശേഷമേ രാവണയുടെ ചിത്രീകരണം പുനരാരംഭിക്കുകയുള്ളൂ എന്നാണ് അറിയുന്നത്.

2004 ല്‍ ‘യുവ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ കൊല്‍ക്കത്തയിലെ ഹൗറ പാലത്തില്‍ വച്ച് മണിരത്നത്തിന് ഹൃദയാഘാതമുണ്ടായിരുന്നു.