ബോഡിഗാര്‍ഡിന് വന്‍ വരവേല്‍‌പ്പ്!

Webdunia
ശനി, 23 ജനുവരി 2010 (10:59 IST)
PRO
PRO
ഹിറ്റ് മേക്കര്‍ സിദ്ദിഖും ജനപ്രിയനായകന്‍ ദിലീപും ഗ്ലാമര്‍ റാണി നയന്‍‌താരയും ഒന്നിക്കുന്ന ബോഡിഗാര്‍ഡ് ശനിയാഴ്ച തീയേറ്ററുകളില്‍ എത്തി. ബോഡിഗാര്‍ഡ് പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ നാലുവര്‍ഷങ്ങളായി ഒരു വന്‍ ഹിറ്റ് സൃഷ്ടിക്കാന്‍ കഴിയാത്ത ദിലീപിന് തിരിച്ചുവരവ് ഒരുക്കുന്ന ചിത്രമായിരിക്കും ബോഡീഗാര്‍ഡ് എന്നാണ് സിനിമാലോകം കരുതുന്നത്.

ദിലീപ്‌ ആദ്യമായിട്ടാണ്‌ സിദ്ദിഖിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്‌. ട്വന്‍റി ട്വന്‍റി എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സിന് ശേഷം നയന്‍‌താര മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും ബോര്‍ഡീഗാര്‍ഡിന് ഉണ്ട്. സിദ്ധിഖ്‌-ലാല്‍ ടീമിന്റെ വിജയഫോര്‍മുലയായ കോമഡിയും ആക്ഷനും ഒന്നിച്ചുചേരുന്ന രീതി തന്നെയാണ്‌ ഈ ചിത്രത്തിലും സിദ്ദിഖ്‌ പ്രയോഗിച്ചിരിക്കുന്നത്‌.

ദിലീപ് നായകനായ ബോഡിഗാര്‍ഡും ആഗതനും ജനുവരി 22ന് റിലീസ് ചെയ്യുമെന്നാണ് നേരത്തെ തീരുമാനിക്കപ്പെട്ടിരുന്നത്. ഈ രണ്ടു സിനിമകള്‍ തൊട്ടടുത്ത റിലീസ് ചെയ്താല്‍ ദിലീപിന്‍റെ പ്രേക്ഷകര്‍ തന്നെ വിഭജിച്ചു പോകുമെന്നും ഇതില്‍ ഏതെങ്കിലും ഒരു ചിത്രത്തെ ഇത് ദോഷകരമാ‍യി ബാധിക്കുമെന്നും മനസിലാക്കി അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് ആഗതന്‍റെ റിലീസ് ഡേറ്റ് മാറ്റിവയ്ക്കപ്പെട്ടത്.

ഏതാണ്ട് നുറോളം തിയേറ്ററുകളിലാണ് ബോഡിഗാര്‍ഡ് പ്രദര്‍ശനത്തിന് എത്തുന്നത്. അടുത്തൊന്നും ഹിറ്റുകള്‍ ഇല്ലാത്ത ദിലീപിനെ സംബന്ധിച്ചിടത്തോളം ഈ ചിത്രം വിജയിക്കേണ്ടത് അത്യാവശ്യമാണ്. ജോണി സാഗരിക നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്‍റെ ഗാനരചന നിര്‍വഹിക്കുന്നത് കൈതപ്രവും അനില്‍ പനച്ചൂരാനും ചേര്‍ന്നാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന്‍റെ സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്.

മിത്ര കുര്യന്‍, ഗിന്നസ് പക്രു, ജനാര്‍ദനന്‍, ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സീനത്ത്, സീമ.ജി. നായര്‍ എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. രണ്ടു ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്തത് പ്രശസ്ത നടനും സംവിധായകനും കൊറിയോഗ്രഫറുമായ പ്രഭുദേവയാണ് എന്നൊരു പ്രത്യേകതയും ബോഡീഗാര്‍ഡിനുണ്ട്.