ജി എസ് വിജയന്‍ എന്ന സംവിധായകന്‍റെ തിരിച്ചുവരവിന് കളമൊരുക്കിയ സിനിമയായിരുന്നു 'ബാവുട്ടിയുടെ നാമത്തില്‍'. രഞ്ജിത്തിന്‍റെ തിരക്കഥയില്‍ മമ്മൂട്ടി അഭിനയിച്ച ഈ സിനിമ ഹിറ്റായിരുന്നു.
പുതിയ വാര്‍ത്ത വരുന്നു. 'ബാവുട്ടി' ടീം വീണ്ടും ഒന്നിക്കുകയാണ്. ജി എസ് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വീണ്ടും രഞ്ജിത്തിന്‍റെ തിരക്കഥ. എന്നാല്‍ മമ്മൂട്ടി ഈ സിനിമയില്‍ അഭിനയിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
അതേസമയം, മമ്മൂട്ടി തന്നെയായിരിക്കും ഈ പ്രൊജക്ടിലെ ഹീറോ എന്ന് ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബാവുട്ടി പോലെ ഒരു ലോ ബജറ്റ് ചിത്രം തന്നെയാണ് ലക്‍ഷ്യം. രഞ്ജിത് ഈ സിനിമയുടെ കഥ റെഡിയാക്കിക്കഴിഞ്ഞു. രഞ്ജിത് തന്നെയായിരിക്കും നിര്‍മ്മാണം.
ചരിത്രം, ആനവാല്‍ മോതിരം, ചെപ്പടിവിദ്യ, ഘോഷയാത്ര, സാഫല്യം, കവര്‍ സ്റ്റോറി എന്നിവയാണ് ജി എസ് വിജയന്‍ സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.
2012ലാണ് ബാവുട്ടിയുടെ നാമത്തില്‍ റിലീസ് ചെയ്തത്. കാവ്യാ മാധവനായിരുന്നു നായിക. വിനീത്, ശങ്കര്‍ രാമകൃഷ്ണന്‍, ഹരിശ്രീ അശോകന്‍, കനിഹ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.