ഫിലിം സ്റ്റാറുമായി ദിലീപ് വരുന്നൂ

Webdunia
ഞായര്‍, 10 ഏപ്രില്‍ 2011 (12:01 IST)
PRO
PRO
ദിലീപിന് ഇപ്പോള്‍ നല്ല കാലമാണെന്ന് തോന്നുന്നു. മെഗാതാരങ്ങള്‍ അത്രകണ്ട് വിജയിക്കാത്ത കാലത്ത് മിനിമം ഗാരണ്ടി അവകാശപ്പെടാനാകുന്ന താരമേതെന്ന ചോദ്യത്തിന് ഇപ്പോള്‍ ഉത്തരം ദിലീപ് എന്നാണ്. കാര്യസ്ഥന്‍, മേരിക്കുണ്ടൊരു കുഞ്ഞാട്, ക്രിസ്റ്റ്യന്‍ ബ്രദേഴ്സ് എന്നീ ചിത്രങ്ങളെല്ലാം ദിലീപിന്റെ മാര്‍ക്കറ്റ് വാല്യൂ വര്‍ധിപ്പിച്ചിരിക്കുന്നു.

വിജയം ആവര്‍ത്തിക്കാന്‍ ദിലീപ് തന്റെ പുതിയ ചിത്രവുമായി ഉടന്‍ പ്രദര്‍ശനത്തിനെത്തും. സിനിമയ്ക്കുള്ളിലെ സിനിമയും യഥാര്‍ഥ ജീവിതവും പറയുന്ന ഫിലിം സ്റ്റാര്‍ എന്ന ദിലീപ് ചിത്രം ഏപ്രില്‍ 28നാണ് പ്രദര്‍ശനത്തിനെത്തുക. വലിച്ചെറിയപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധിയായ നന്ദഗോപന്റെയും തെന്നിന്ത്യന്‍ സൂപ്പര്‍താരമായ സൂര്യകിരണിന്റെയും കഥയാണ് ഫിലിം സ്റ്റാര്‍ പറയുന്നത്.

ഏറെക്കാലത്തിന് ശേഷം ദിലീപും കലാഭവന്‍ മണിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്. സ്വന്തം ഗ്രാമത്തിലെ യഥാര്‍ഥ സംഭവങ്ങള്‍ എഴുതുന്ന തിരക്കഥാകൃത്ത് കൂടി ആയ നന്ദ ഗോപനെ ദിലീപ് അവതരിപ്പിക്കുമ്പോള്‍ സൂപ്പര്‍ സ്റ്റാര്‍ സൂര്യകിരണായി അഭിനയിക്കുന്നത് കലാഭവന്‍ മണിയാണ്. തമിഴ്‌നടന്‍ തലൈവാസല്‍ വിജയ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍, ബാബു നമ്പൂതിരി തുടങ്ങിയവരും ചിത്രത്തിലുണ്ട്.

സഞ്ജീവ് രാജ് സംവിധാനം ചെയ്ത ഫിലിം സ്റ്റാറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് എസ് സുരേഷ്ബാബുവാണ്.