പ്രേമവും വടക്കന്‍ സെല്‍‌ഫിയും ചേര്‍ന്ന് 80 കോടി കൊയ്യും, പ്രേമം ഒരുദിവസം 1.25 കോടി!

Webdunia
ബുധന്‍, 17 ജൂണ്‍ 2015 (16:30 IST)
നിവിന്‍ പോളിയുടെ രണ്ടുചിത്രങ്ങളുടെ ഈ വര്‍ഷത്തെ ബിസിനസ് 80 കോടി കവിയും. ഒരു വടക്കന്‍ സെല്‍ഫി, പ്രേമം എന്നീ ചിത്രങ്ങള്‍ ചേര്‍ന്ന് ഈ വര്‍ഷം 80 കോടി രൂപ സമ്പാദിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴത്തെ നിലയനുസരിച്ച് പ്രേമത്തിന് ഒരു ദിവസം ഒന്നേകാല്‍ കോടി രൂപ വീതം കളക്ഷന്‍ ലഭിക്കുന്നുണ്ട്.
 
രണ്ടാഴ്ച പിന്നിട്ടപ്പോള്‍ പ്രേമം 25 കോടിക്ക് അടുത്തായി കളക്ഷന്‍. ചിത്രത്തിന്‍റെ ആദ്യ ദിവസം 1.43 കോടി രൂപയായിരുന്നു കളക്ഷന്‍. പത്താം ദിവസത്തെ കളക്ഷന്‍ 2.4 കോടി രൂപയായിരുന്നു. ഇത് ഒരു റെക്കോര്‍ഡാണ്. 
 
ദൃശ്യം, ബാംഗ്ലൂര്‍ ഡെയ്സ് എന്നീ വമ്പന്‍ ഹിറ്റുകളുടെ കളക്ഷന്‍ റെക്കോര്‍ഡുകളെ ബഹുദൂരം പിന്നിലാക്കിയാണ് പ്രേമം കുതിക്കുന്നത്. ഇതിനൊപ്പം തന്നെ വടക്കന്‍ സെല്‍ഫിയും ഹൌസ് ഫുള്ളായി പ്രദര്‍ശനം തുടരുന്നുണ്ട്. ഒപ്പം റിലീസ് ചെയ്ത മറ്റ് ചിത്രങ്ങളൊന്നും കളത്തിലേയില്ലാത്ത രീതിയിലാണ് ഈ രണ്ടുസിനിമകളും മിന്നിക്കയറുന്നത്.
 
തിരുവനന്തപുരം ശ്രീവിശാഖില്‍ ജനത്തിരക്ക് കാരണം പ്രേമം ദിവസവും ഏഴുഷോകള്‍ വരെയാണ് നടത്തുന്നത്.