പ്രഭുദേവ - നയന്‍‌താര വിവാഹം മുംബൈയില്‍

Webdunia
ബുധന്‍, 20 ഏപ്രില്‍ 2011 (17:09 IST)
PRO
ഏറെ വിവാദങ്ങളുയര്‍ത്തിയ പ്രഭുദേവ - നയന്‍‌താര പ്രണയം ഒടുവില്‍ വിവാഹത്തിലേക്ക്. ജൂലൈയില്‍ ഇവരുടെ വിവാഹം നടക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മുംബൈയിലായിരിക്കും വിവാഹം. നിലവിലെ ഭാര്യയായ റം‌ലത്തിന് ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് പ്രഭുദേവ 30 കോടി രൂപ മൂല്യമുള്ള സ്വത്തുവകകള്‍ കൈമാറും.

റം‌ലത്തിനുള്ള നഷ്ടപരിഹാരമായി സ്വത്തുവകകള്‍ കൈമാറാനുള്ള നീക്കങ്ങള്‍ പ്രഭുദേവ ആരംഭിച്ചു. ജൂണ്‍ അവസാനിക്കുന്നതിന് മുമ്പ് ഇതിന്‍റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കും. ഈ രേഖകള്‍ ലഭിച്ചുകഴിഞ്ഞാലുടന്‍ വിവാഹമോചനത്തിന് അനുകൂലമായ വിധി കോടതിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

വിവാഹമോചനം ലഭിച്ചതിന് ശേഷം ജൂലൈ മാസത്തില്‍ നയന്‍‌താരയുടെ കഴുത്തില്‍ താലിചാര്‍ത്താമെന്നാണ് പ്രഭുദേവ ആലോചിക്കുന്നത്. മുംബൈയില്‍ നടക്കുന്ന വിവാഹച്ചടങ്ങില്‍ വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കും.

ചെന്നൈയിലെ അണ്ണാനഗറില്‍ ഉള്ള 3440 ചതുരശ്ര നിലം, കോയമ്പേടില്‍ വീടടക്കം ഉള്ള 1000 ചതുരശ്ര നിലം, രണ്ട് ഇന്നോവാ കാറുകള്‍ എന്നിവ നഷ്ടപരിഹാരമായി റം‌ലത്തിന് പ്രഭുദേവ നല്‍‌കും. പണമായി 10 ലക്ഷം രൂപ നല്‍കും. ചെന്നൈയ്ക്കടുത്തുള്ള ഇഞ്ചമ്പാക്കത്തിലെ വീട് പ്രഭുദേവയുടെയും റം‌ലത്തിന്‍റെയും മക്കള്‍ക്ക് എഴുതിക്കൊടുക്കും. കുട്ടികള്‍ പ്രായപൂര്‍ത്തി ആകുന്നതുവരെ ഈ പുരയിടത്തില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് പകുതി റം‌ലത്തിന് ലഭിക്കും. മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാല്‍ പുരയിടം മക്കളുടെ ഉടമസ്ഥാവകാശത്തിന് കീഴിലായിരിക്കും. ആന്ധ്രാപ്രദേശില്‍ കൊണ്ടാപ്പൂര്‍ ഗ്രാമത്തിലുള്ള വീടും പുരയിടവും മക്കള്‍ക്ക് എഴുതിനല്‍‌കും. കുട്ടികളുടെ വിദ്യാഭ്യാസത്തിന്‍റെയും ഉന്നത വിദ്യാഭ്യാസത്തിന്‍റെയും ചെലവ് പ്രഭുദേവയ്ക്കായിരിക്കും.