യുവസൂപ്പര്‍താരം പൃഥ്വിരാജ് തിങ്കളാഴ്ച രാവിലെ വിവാഹിതനായി. പാലക്കാട് സ്വദേശിനി സുപ്രിയാ മേനോന്‍ ആണ് വധു. മുംബൈയില്‍ മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ. പാലക്കാട് തേന്‍കുറുശ്ശി കണ്ടാത്ത് ഹെറിറ്റേജ് വില്ലയില്‍ വച്ചായിരുന്നു വിവാഹം.
എന്നാല്‍ ചടങ്ങിന് മാധ്യമപ്രവര്‍ത്തകരെ ആരെയും പ്രവേശിപ്പിച്ചില്ല. വിവാഹത്തിന്റെ ഒരുക്കങ്ങളും മറ്റും അതീവരഹസ്യമായാണ് നടത്തിയത്. എന്നാല്‍ പൃഥ്വിരാജിന്റെ വിവാഹം മെയ് ഒന്നിന് പാലക്കാട്ട് വെച്ച് നടക്കുമെന്നാണ് അമ്മ മല്ലിക സുകുമാരന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. പൃഥ്വിയുടെ വിവാഹം സംബന്ധിച്ച് ഊഹാപോഹങ്ങളുടെയും സസ്പന്‍സിന്റേയും ആവശ്യമില്ലെന്നും ഇക്കാര്യം ഞങ്ങള്‍ തന്നെ മാധ്യമങ്ങളോട് വെളിപ്പെടുത്തുമെന്നും മല്ലിക പറയുകയുണ്ടായി. അമേരിക്കയിലുള്ള, പൃഥ്വിയുടെ അമ്മാവന്‍ ഡോ എം വി പിള്ള നാട്ടിലെത്തിയതിന് ശേഷമാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അവര്‍ പറഞ്ഞിരുന്നു.
ഒരു പത്രപ്രവര്‍ത്തകയുമായി പൃഥ്വിരാജ് പ്രണയത്തിലാണെന്ന് മാധ്യമങ്ങള്‍ മുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹിയില്‍ എന്‍ഡിടിവിയില്‍ പത്രപ്രവര്‍ത്തകയായ പ്രതീക്ഷാ മേനോന്‍ ആണ് പൃഥ്വിരാജിന്റെ കാമുകി എന്നായിരുന്നു മാധ്യമ കണ്ടെത്തല്‍. ഇത് വാസ്തവവിരുദ്ധമാണെന്ന് പൃഥ്വിരാജ് പറയുകയും ചെയ്തിരുന്നു. എന്നാലിപ്പോള്‍ പൃഥ്വിയുടെ വധുവായിരിക്കുന്നത് മാധ്യമ പ്രവര്‍ത്തകയായ ഒരു ‘മേനോന്‍’ തന്നെ. എന്നാല്‍ ജോലി ചെയ്യുന്ന സ്ഥലവും ആദ്യപേരും മാത്രമാണ് തെറ്റിയിരിക്കുന്നത്. തന്റെ വിവാഹം എല്ലാവരെയും അറിയിച്ച ശേഷം മാത്രമായിരിക്കുമെന്നും തന്നെ കെട്ടിച്ചുവിടാന്‍ ആര്‍ക്കാണ് ധൃതിയെന്നും പൃഥ്വിരാജ് ചോദിച്ചിരുന്നു.
വിവാഹത്തോടനുബന്ധിച്ച് പൃഥ്വിരാജ് കൊച്ചിയില്‍ വാങ്ങിയ ഫ്‌ളാറ്റിന്റെ ഗൃഹപ്രവേശം ഈയിടെയായിരുന്നു. ഈ ചടങ്ങും രഹസ്യമായാണ് നടന്നത്. അതേസമയം വിവാഹസല്‍ക്കാരത്തിനായി കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലിലെ ഹാള്‍ മെയ് ഒന്നിലേക്ക് ബുക്ക് ചെയ്‌തിട്ടുണ്ട്. സിനിമാലോകത്ത് നിന്നുള്‍പ്പടെ രണ്ടായിരത്തോളം പേരെ സല്‍ക്കാരത്തിലേക്ക് ക്ഷണിക്കുന്നുണ്ടെന്നാണ് സൂചന.