പുലിമുരുകനെ മമ്മൂട്ടിയുടെ പൊലീസ് പിടിച്ചുകെട്ടുമോ?

Webdunia
വെള്ളി, 15 ഏപ്രില്‍ 2016 (16:31 IST)
ജൂലൈ 7. അന്ന് മലയാളത്തിലെ മഹാനടന്‍‌മാരായ മമ്മൂട്ടിയും മോഹന്‍ലാലും നേര്‍ക്കുനേര്‍ പോരാട്ടത്തിനിറങ്ങുകയാണ്. മോഹന്‍ലാലിന്‍റെ പുലിമുരുകനും മമ്മൂട്ടിയുടെ കസബയുമാണ് ഒരേദിവസം പ്രദര്‍ശനത്തിനെത്തുന്നത്.
 
മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയാണ് പുലിമുരുകന്‍. വൈശാഖ് സംവിധാനം ചെയ്ത സിനിമ കേരളത്തില്‍ മാത്രം 250ല്‍‌പരം തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് അറിയില്ല.
 
കാരണം, അന്നുതന്നെയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കസബയും പ്രദര്‍ശനത്തിനെത്തുന്നത് എന്നതുതന്നെ. മികച്ച തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ ഈ രണ്ട് സിനിമകള്‍ തമ്മില്‍ ഒരു മത്സരമുണ്ടാകുമെന്ന് ഉറപ്പ്. നിതിന്‍ രണ്‍‌ജി പണിക്കരാണ് കസബ സംവിധാനം ചെയ്യുന്നത്.
 
രാജന്‍ സഖറിയ എന്ന പൊലീസ് ഓഫീസറായാണ് മമ്മൂട്ടി കസബയില്‍ എത്തുന്നത്. വരലക്ഷ്മി ശരത്കുമാറാണ് ചിത്രത്തിലെ നായിക.
 
എന്തായാലും പുലിമുരുകനെ പിടിച്ചുകെട്ടാന്‍ മമ്മൂട്ടിയുടെ പൊലീസ് ഓഫീസര്‍ക്ക് കഴിയുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.