പണമില്ല, പാട്ടുമില്ല; ചിമ്പുവും നയന്‍സും വരുന്നത് വൈകും!

Webdunia
വെള്ളി, 22 മെയ് 2015 (18:47 IST)
ആരാധകര്‍ക്ക് നിരാശനല്‍കുന്ന ഒരു റിപ്പോര്‍ട്ട്. ചിമ്പുവും നയന്‍‌താരയും ഒന്നിക്കുന്ന ‘ഇത് നമ്മ ആള്’ എന്ന സിനിമയുടെ റിലീസ് അനിശ്ചിതത്വത്തില്‍. ഏറെക്കാലം മുമ്പ് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഇനിയും പൂര്‍ത്തിയായിട്ടില്ല. ഏറെ പ്രധാനപ്പെട്ട ചില രംഗങ്ങളും ഒരു പാട്ടുമാണ് ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്. എന്നാല്‍, പുതിയ സാഹചര്യത്തില്‍ അത് ചിത്രീകരിക്കാനാവുമോ എന്നുതന്നെ സംശയമാണ്.
 
ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ചിമ്പുവിന്‍റെ പിതാവ് ടി രാജേന്ദറാണ്. സംഗീതം നല്‍കുന്നത് ചിമ്പുവിന്‍റെ സഹോദരന്‍ കുരലരശനും. ബാക്കിയുള്ള രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ആവശ്യമായ പണം ടി രാജേന്ദര്‍ നല്‍കുന്നില്ലെന്നാണ് സംവിധായകന്‍ പാണ്ഡിരാജിന്‍റെ പരാതി. ബാക്കിയുള്ള പാട്ട് കുരലരശന്‍ നല്‍കുന്നില്ലെന്നും പാണ്ഡിരാജ് പറയുന്നു.
 
ഈ സിനിമ അനിശ്ചിതത്വത്തിലായതോടെ പാണ്ഡിരാജ് തന്‍റെ അടുത്ത സിനിമയുടെ പണിപ്പുരയിലേക്ക് കടന്നു. സൂര്യ നിര്‍മ്മിക്കുന്ന ‘ഹൈക്കു’ എന്ന സിനിമയാണ് പാണ്ഡിരാജ് ഇനി ഒരുക്കുന്നത്.
 
അപ്പോഴതാ വീണ്ടും കുഴപ്പം. ‘ഇതു നമ്മ ആള്’ പൂര്‍ത്തിയാക്കാതെ പാണ്ഡിരാജ് സൂര്യയുടെ സിനിമ ചെയ്യാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ടി രാജേന്ദര്‍ നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് പരാതി നല്‍കി.
 
എന്തായാലും നയന്‍‌താരയും ചിമ്പുവും സ്ക്രീനില്‍ പ്രണയിക്കുന്നതുകാണാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് സാരം.