നിവിന്‍ പോളി പുതിയ എതിരാളി, മത്സരത്തിനുറച്ച് മമ്മൂട്ടിയും മോഹന്‍ലാലും !

Webdunia
വെള്ളി, 19 ജൂണ്‍ 2015 (18:28 IST)
മൂന്നര പതിറ്റാണ്ടിലധികമായി മമ്മൂട്ടിയും മോഹന്‍ലാലും മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. അവര്‍ക്ക് എതിരാളികളില്ല. അവരോട് മത്സരിക്കാന്‍ കാലാകാലങ്ങളില്‍ വന്നിട്ടുള്ളവരൊക്കെ പരാജയപ്പെട്ട് പിന്‍‌മാറി, അല്ലെങ്കില്‍ തങ്ങളുടേതായ ചെറിയ കള്ളികളില്‍ ഒതുങ്ങി. അവര്‍ക്ക് വെല്ലുവിളിയുയര്‍ത്തും എന്ന് പ്രതീക്ഷിച്ചവരൊക്കെ പലപ്പോഴും ചെറിയൊരു പോരാട്ടം പോലും കാഴ്ച വയ്ക്കാതെ കീഴടങ്ങുന്ന കാഴ്ചകളും കണ്ടു.
 
മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ ആരോഗ്യകരമായ മത്സരമുണ്ട് എന്നത് വസ്തുതയാണ്. ഇരുവരും നല്ല സിനിമകളിലൂടെ മത്സരിക്കുകയും ഇരുവരും വിജയിക്കുകയും ചെയ്യുന്നു. പുതിയൊരു എതിരാളി വന്നാല്‍, അവര്‍ വന്‍ വിജയങ്ങള്‍ സൃഷ്ടിച്ചാല്‍, അവരോട് മത്സരിക്കാന്‍ തക്ക വിധത്തിലുള്ള ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയിരിക്കും എന്നത് തീര്‍ച്ചയാണ്.
 
മറ്റുള്ള താരങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ വ്യത്യസ്ത കഥാപാത്രങ്ങളെയും സിനിമകളെയും സൃഷ്ടിക്കാന്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും എപ്പോഴും കഴിയുന്നു. തങ്ങളോട് മത്സരിക്കുന്നവരുടെ സിനിമകളുടെ നിലവാരത്തേക്കാള്‍ മികച്ച പ്രൊജക്ടുകള്‍ പ്ലാന്‍ ചെയ്യുന്നതില്‍ മലയാളത്തിന്‍റെ മെഗാസ്റ്റാറുകള്‍ പ്രകടിപ്പിക്കുന്ന വൈഭവം അനുപമമാണ്.
 
ഇപ്പോള്‍ മലയാളത്തില്‍ നിവിന്‍ പോളി തരംഗമാണ്. നിവിന്‍ പോളിയുടെ സിനിമകള്‍ തുടര്‍ച്ചയായി വിജയം കാണുന്നു. സ്വാഭാവികമായും മമ്മൂട്ടിയും മോഹന്‍ലാലും നിവിന്‍ പോളി സിനിമകളുടെ വിജയങ്ങള്‍ നിരീക്ഷിക്കുന്നുണ്ടാവണം. നിവിന്‍ പോളിയുടെ സിനിമകള്‍ ഉയര്‍ത്തുന്ന മത്സരത്തെ എങ്ങനെ മറികടക്കണമെന്ന പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ടാവണം. അതിനുള്ള തെളിവുകളാണ് ഇനി വരുന്ന മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍.
 
വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയും മോഹന്‍ലാലും ഇനി പ്രേക്ഷകര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. നിവിന്‍ പോളിക്ക് അവയോട് മത്സരിച്ച് വിജയം കാണാനാകുമോ എന്ന് കാത്തിരുന്നുകാണാം.
 
മോഹന്‍ലാലിന്‍റെയും മമ്മൂട്ടിയുടെയും ഇനി വരുന്ന തകര്‍പ്പന്‍ സിനിമകളുടെ വിശദാംശങ്ങള്‍ അടുത്ത പേജില്‍.
 
അടുത്ത പേജില്‍ - ഗ്രാന്‍ഡ് കളികള്‍ക്കായി വീണ്ടും മോഹന്‍ലാല്‍!

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ വര്‍ഷം അവസാനം ആരംഭിക്കും. മോഹന്‍ലാലും ഉണ്ണികൃഷ്ണനും കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് കൂടിക്കാഴ്ച നടത്തി. ഇത് ഗ്രാമീണ പശ്ചാത്തലമുള്ള ഒരു ത്രില്ലറായിരിക്കും.
 
മാടമ്പി, ഗ്രാന്‍റ്‌മാസ്റ്റര്‍, മിസ്റ്റര്‍ ഫ്രോഡ് എന്നിവയാണ് മോഹന്‍ലാലും ഉണ്ണികൃഷ്ണനും ഒരുമിച്ച സിനിമകള്‍. ഇവയില്‍ മാടമ്പിയും ഗ്രാന്‍റ്മാസ്റ്ററും വന്‍ വിജയങ്ങളായിരുന്നു.
 
അടുത്ത പേജില്‍ - മമ്മൂട്ടിയുടെ ആക്ഷന്‍ അവതാരം!

ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന ‘വൈറ്റ്’ എന്ന ബിഗ്ബജറ്റ് സിനിമയില്‍ സാമ്പത്തിക ഉപദേഷ്ടാവായ പ്രകാശ് റോയ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നായികയായി ഹ്യുമ ഖുറേഷി. കള്ളപ്പണത്തിന്‍റെ ഒഴുക്കും അധോലോകവും രാഷ്ട്രീയവുമൊക്കെ ചര്‍ച്ച ചെയ്യുന്ന ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇത്. റോഷ്നി മേനോന്‍ എന്ന കഥാപാത്രത്തെയാണ് ഹ്യുമ അവതരിപ്പിക്കുന്നത്.
 
യൂറോപ്പിലെ പ്രധാന നഗരങ്ങളിലാണ് വൈറ്റ് പൂര്‍ണമായും ചിത്രീകരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ഒരു സ്റ്റൈലിഷ് ആക്ഷന്‍ ത്രില്ലറിന്‍റെ ഭാഗമാകുന്നത്.
 
‘പ്രണയകാലം’ എന്ന റൊമാന്‍റിക് ട്രാജഡി മൂവിയാണ് ഉദയ് അനന്തന്‍റെ ആദ്യ സിനിമ. പിന്നീട് ‘കേരള കഫെ’യിലെ മൃത്യുഞ്ജയം എന്ന ലഘുചിത്രവും അദ്ദേഹം ഒരുക്കി.
 
അടുത്ത പേജില്‍ - തൊട്ടാല്‍ പൊള്ളും, മോഹന്‍ലാലിന്‍റെ ഉശിരന്‍ വേഷം!

രാവണപ്രഭു പോലെ, ആറാം തമ്പുരാന്‍ പോലെ, നരസിംഹം പോലെ ഒരു മോഹന്‍ലാല്‍ ചിത്രം ഏവരും ആഗ്രഹിക്കുന്ന കാലമാണ്. അതിനൊക്കെയുള്ള ഉത്തരമായിരിക്കും ‘ലോഹം’. മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ കഥാപാത്രങ്ങളുടെ സ്രഷ്ടാവായ രഞ്ജിത് ആണ് ലോഹവുമായി എത്തുന്നത്.
 
ആന്‍ഡ്രിയ ജെര്‍മിയ നായികയാകുന്ന ഈ സിനിമ സ്വര്‍ണക്കടത്താണ് വിഷയമാക്കുന്നത്. ഓഗസ്റ്റ് 20ന് ഓണച്ചിത്രമായി ലോഹം പ്രദര്‍ശനത്തിനെത്തും.
 
അടുത്ത പേജില്‍ - സൂപ്പര്‍ കോമഡിയുമായി മമ്മൂട്ടി!

ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രമാണ് അച്ഛാദിന്‍. ദുര്‍ഗാദാസ് എന്നാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

 
നല്ലൊരു കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഇതെന്ന് ആദ്യ ടീസറില്‍ നിന്നുതന്നെ വ്യക്തമായിട്ടുണ്ട്. എ സി വിജീഷ് തിരക്കഥയൊരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം പ്രദീപ് നായര്‍.
 
അടുത്ത പേജില്‍ - വേട്ടയാടാന്‍ വീണ്ടും മോഹന്‍ലാല്‍!

എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ‘കനല്‍’ എന്ന സിനിമയിലാണ് മോഹന്‍ലാലിനൊപ്പം അനൂപ് മേനോനും നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എസ് സുരേഷ്ബാബുവാണ് തിരക്കഥയെഴുതുന്നത്. ശിക്കാറിന് ശേഷം ഈ ടീം വീണ്ടുമെത്തുന്നു എന്ന പ്രത്യേകതയുള്ള പ്രൊജക്ടില്‍ ഹണി റോസാണ് നായിക. ജോണ്‍ ഡേവിഡ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. അനൂപ് രാമന്‍ എന്ന കഥാപാത്രത്തെ അനൂപ് മേനോന്‍ അവതരിപ്പിക്കുന്നു.
 
അതുല്‍ കുല്‍ക്കര്‍ണിയാണ് ചിത്രത്തിലെ പ്രധാന വില്ലന്‍. ഔസേപ്പച്ചന്‍ സംഗീതം നല്‍കുന്ന കനല്‍ ക്യാമറയിലാക്കുന്നത് വിനോദ് ഇല്ലമ്പള്ളി. ചിത്രീകരണം കൊച്ചിയില്‍ പുരോഗമിക്കുന്നു.
 
അടുത്ത പേജില്‍ - രാജാവാണിവന്‍, ഹിറ്റുകളുടെ രാജാവ്!

‘സി പി സ്വതന്ത്രന്‍’ എന്നാണ് മമ്മൂട്ടിയുടെ പുതിയ കഥാപാത്രത്തിന്‍റെ പേര്. ചിത്രം - ഉട്ടോപ്യയിലെ രാജാവ്. കമല്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് തിരക്കഥ രചിച്ചിരിക്കുന്നത് പി എസ് റഫീക്ക്. 
 
സ്വാതന്ത്ര്യസമര സേനാനിയായ ചെമ്പകശ്ശേരി പരമേശ്വരന്‍റെ മകനാണ് സി പി സ്വതന്ത്രന്‍. അവിവാഹിതനായിരിക്കേ തന്‍റെ സ്വത്തുവകകളെല്ലാം മരുമകനായ സോമന്‍ തമ്പിയുടെ പേരില്‍ എഴുതിവച്ചിരുന്നു ചെമ്പകശ്ശേരി പരമേശ്വരന്‍. പിന്നീട്, തന്നെ ശുശ്രൂഷിക്കാന്‍ വന്ന സ്ത്രീയെ പരമേശ്വരന്‍ വിവാഹം കഴിക്കുകയും ആ ബന്ധത്തില്‍ സ്വതന്ത്രന്‍ പിറക്കുകയും ചെയ്തു. മകന്‍റെ പേരിലേക്ക് പരമേശ്വരന്‍ വില്‍പ്പത്രം മാറ്റിയെഴുതിയെങ്കിലും മരുമകന്‍ അത് ഒളിപ്പിച്ചു. അങ്ങനെ അച്ഛന്‍റെ സ്വത്തില്‍ ഒരവകാശവുമില്ലാത്ത മകനായി സി പി സ്വതന്ത്രന്‍ ജീവിച്ചു.
 
ഒരു ഘട്ടത്തില്‍, തന്‍റെ സുഹൃത്തുക്കളുടെ സഹായത്തോടെ, തനിക്കവകാശപ്പെട്ട സ്വത്തുവകകളെല്ലാം തിരിച്ചുപിടിക്കാന്‍ സ്വതന്ത്രന്‍ ഇറങ്ങിത്തിരിക്കുകയാണ്. ഇതാണ് ‘ഉട്ടോപ്യയിലെ രാജാവ്’ എന്ന സിനിമയുടെ പ്രമേയം. 
 
അവകാശങ്ങള്‍ തിരിച്ചുപിടിക്കാന്‍ സ്വതന്ത്രന്‍ നടത്തുന്ന ശ്രമങ്ങളെ സഹായിക്കാനെത്തുന്നത് ഉമാദേവി എന്ന പൊതുപ്രവര്‍ത്തകയാണ്. ജ്യുവല്‍ മേരിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പകശ്ശേരി പരമേശ്വരനായി ജോയ് മാത്യുവും സോമന്‍ തമ്പിയായി സുനില്‍ സുഖദയും അഭിനയിക്കുന്നു.
 
നീല്‍ ഡി കുഞയാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സംഗീതം ഔസേപ്പച്ചന്‍. ഓഗസ്റ്റ് 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും.
 
അടുത്ത പേജില്‍ - ഇവന്‍ വെറും പുലിയല്ല!

മോഹന്‍ലാലിന്‍റെ ആക്ഷന്‍ ഇമേജ് അതിന്‍റെ പരമാവധി ഉപയോഗിച്ച് വലിയ വിജയങ്ങളായ ചിത്രങ്ങള്‍ അനവധിയുണ്ട്. നരസിംഹം, ദേവാസുരം, രാവണപ്രഭു, ഇരുപതാം നൂറ്റാണ്ട്, ഇന്ദ്രജാലം, രാജാവിന്‍റെ മകന്‍, ആറാം തമ്പുരാന്‍, നാടുവാഴികള്‍ തുടങ്ങി എത്ര തകര്‍പ്പന്‍ സിനിമകള്‍. അവയുടെ ശ്രേണിയിലേക്ക് വീണ്ടും ഒരു മോഹന്‍ലാല്‍ ചിത്രം എത്തുന്നു.
 
‘പുലിമുരുകന്‍’ എന്നാണ് ചിത്രത്തിന് പേര്. ‘മലയാളത്തിന്‍റെ ഷങ്കര്‍’ ആയ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഹൈലൈറ്റ് മോഹന്‍ലാലിന്‍റെ അതിസാഹസിക ആക്ഷന്‍ രംഗങ്ങളാണ്. സാക്ഷാല്‍ പീറ്റര്‍ ഹെയ്നാണ് സിനിമയുടെ ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത്.
 
വിയറ്റ്നാമില്‍ ജൂണ്‍ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയ്ക്ക് ഉദയ്കൃഷ്ണയാണ് തിരക്കഥ രചിക്കുന്നത്. ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന സിനിമ ക്രിസ്മസ് റിലീസാണ്.
 
ഈ സിനിമയിലെ കഥാപാത്രത്തിനായി ഇതുവരെ മോഹന്‍ലാല്‍ ആറുകിലോ കുറച്ചിട്ടുണ്ട്. ഏറെ സസ്പെന്‍സുള്ള ഈ സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ത്യയിലെ ഏതൊരു നടന്‍റെയും സ്വപ്നമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
 
അടുത്ത പേജില്‍ - ഹായ്, ഐ ആം എ ഡ്രൈവര്‍, ബട്ട്....

മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ഡ്രൈവിംഗ് ലൈസന്‍സ്' എന്ന് പേരിട്ടു. ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കോമഡിക്കും ആക്ഷനും പ്രാധാന്യമുള്ള ഒരു ത്രില്ലറായിരിക്കും ഇത്.
 
ലാല്‍ ജൂനിയര്‍ പറഞ്ഞ കഥയിലെ വ്യത്യസ്തത മമ്മൂട്ടി തിരിച്ചറിയുകയും ഡേറ്റ് നല്‍കുകയുമായിരുന്നു എന്നാണ് വിവരം. ലാലും മമ്മൂട്ടിയും ചേര്‍ന്ന് ഈ സിനിമ നിര്‍മ്മിക്കുമെന്നും സൂചനയുണ്ട്.
 
ലാല്‍ ജൂനിയറിന്‍റെ ആദ്യ ചിത്രമായ ഹണീബീ സൂപ്പര്‍ ഹിറ്റായിരുന്നു. എന്നാല്‍ രണ്ടാമത്തെ സിനിമയായ ഹായ് ഐ ആം ടോണി പ്രേക്ഷകര്‍ സ്വീകരിച്ചില്ല.