നമ്മള്‍ ജയറാമിനെ വില്ലനാക്കി !

Webdunia
PROPRO
മലയാളിയുടെ ‘‌അയലത്തെ വീട്ടിലെ പയ്യന്‍’ ആയിരുന്ന ജയറാം ഒടുവില്‍ വില്ലനായി. അന്തരിച്ച സംവിധായകന്‍ ജീവയുടെ അവസാന ചിത്രം ‘ദാം ദൂമി’ലെ സുന്ദര വില്ലന്‍ വേഷം ജയറാമിന്‍റെ അഭിനയ ജിവിതത്തില്‍ പുതിയ വഴി തുറക്കുകയാണ്‌.

ആദ്യ ദിവസം സിനിമ കണ്ടിറങ്ങിയവരില്‍ നിന്ന്‌ നല്ല പ്രതികരണമാണ്‌ ലഭിച്ചതെന്ന്‌ ജയറാം പറയുന്നു.

“ ദാം ദൂമില്‍ അട്ടഹസിക്കുന്ന ഭയങ്കരനായ വില്ലനെയല്ല ഞാന്‍ അവതരിപ്പിക്കുന്നത്‌, റഷ്യയില്‍ അകപ്പെട്ടു പോയ ഒരു ഡോക്ടര്‍, അയാള്‍ക്ക്‌ നാട്ടിലേക്ക്‌ മടങ്ങാന്‍ കഴിയുന്നില്ല, ഒടുവില്‍ മനസിലാകുന്നു സഹായിയായി കരുതിയ എംബസി ഉദ്യോഗസ്ഥനാണ്‌ കുഴപ്പക്കാരനെന്ന്‌. ആ വേഷം ചെയ്യാന്‍ പറ്റുമോ എന്നാണ്‌ ജീവ എന്നോട്‌ ചോദിച്ചത്‌. 15ല്‍ താഴെ സീനുകളില്‍ മാത്രമേ ഉള്ളു എന്നു പറഞ്ഞു. ഞാന്‍ സമ്മതിച്ചു.”

“ജീവയുടെ മരണ ശേഷം അദ്ദേഹത്തിന്‍റെ സുഹൃത്തുക്കളാണ്‌ ചിത്രം പൂര്‍ത്തിയാക്കിയത്‌. ഇപ്പോള്‍ സിനിമ എങ്ങനെയായിരിക്കുന്നു എന്നെനിക്കറിയില്ല” - ജയറാം പറയുന്നു.

പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ ജീവയുടെ അവസാന ചിത്രം എന്ന നിലയില്‍ സിനിമക്ക്‌ നല്ല തുടക്കമാണ്‌ തമിഴ്‌ നാട്ടില്‍ ലഭിക്കുന്നത്‌.

‘വെറുതേ ഒരു ഭാര്യ’ പ്രേക്ഷകര്‍ സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ജയറാം പറഞ്ഞു. ഓണത്തിന്‌ ‘പാര്‍ത്ഥന്‍ കണ്ട പരലോകം’ പ്രദര്‍ശനത്തിന്‌ എത്തും എന്ന പ്രതീക്ഷയിലാണ്‌ ജയറാം.

“ആദ്യാവസാന കോമഡി ചിത്രമാണ്‌ പാര്‍ത്ഥന്‍ കണ്ട പരലോകം. വെറുതേ ഒരു ഭാര്യ പോലെ കുടുംബ തമാശ മാത്രമല്ല. പ്രേക്ഷകരെ ചിരിപ്പിക്കണമെന്ന്‌ ഉദ്ദേശിച്ചു കൊണ്ടാണ്‌ സംവിധായകന്‍ സിനിമ എടുത്തിരിക്കുന്നത്‌. ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്‌ ചിത്രം രണ്ടു മൂന്ന്‌ മാസം വൈകിയത്‌. ഉടന്‍ തിയേറ്ററില്‍ എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു”-ജയറാം പറഞ്ഞു.