2007 ലെ ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ അടുത്തയാഴ്ച പ്രഖ്യാപിക്കും. കൂടുതല്‍ അവാര്‍ഡുകളും ഹിന്ദി ചിത്രങ്ങള്‍ കരസ്ഥമാക്കുമെന്നാണ് അറിയുന്നത്. മികച്ച നടനാകാനുള്ള മത്സരത്തില്‍ ഷാരുഖ് ഖാനും അമീര്‍ ഖാനുമാണ് മുന്നിട്ടു നില്‍ക്കുന്നത്. വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അംബികാസോണിയാണ് അവാര്‍ഡ് പ്രഖ്യാപിക്കുക.
ചക് ദേ ഇന്ത്യ എന്ന ചിത്രത്തിലെ ഹോക്കി കോച്ച് കബീര്‍ ഖാനെ അനശ്വരമാക്കിയതിനാണ് ഷാരുഖ് ഖാനെ മികച്ച നടനാകാനുള്ള മത്സരത്തില്‍ പരിഗണിക്കുന്നത്. ഡിസ്‌ലക്സിയ എന്ന അപൂര്‍വരോഗം ബാധിച്ച കുട്ടിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്ന അധ്യാപകനായി ‘താരേ സമീന്‍ പര്‍’ എന്ന ചിത്രത്തില്‍ അമീര്‍ ഖാന്‍ നടത്തിയ പ്രകടനവും ജൂറി സജീവമായി പരിഗണിക്കുന്നു.
IFM
മികച്ച ബാലതാരമായി ദര്‍ശീല്‍ സഫാരി (താരേ സമീന്‍ പര്‍) തെരഞ്ഞെടുക്കപ്പെടുമെന്നാണ് കരുതുന്നത്. ഇതിനു മുമ്പ് ബോളിവുഡിലെ ഖാന്‍മാരില്‍ ആര്‍ക്കും മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടില്ല. താരേ സമീന്‍ പര്‍ മികച്ച ചിത്രമാകാനാണ് സാധ്യത. ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവും സംവിധായകനും അമീര്‍ ഖാനാണ്.
മികച്ച വിനോദചിത്രമാകാനായി ഷാരുഖിന്‍റെ ഓം ശാന്തി ഓമും ഇംതിയാസ് അലിയുടെ ജബ് വീ മെറ്റും മത്സരിക്കുന്നു. വിവിധ വിഭാഗങ്ങളിലായി 30 ചിത്രങ്ങളുടെ അന്തിമപ്പട്ടികയാണ് പ്രശസ്ത ചലച്ചിത്രകാരന്‍ സായ് പരാഞ്ജ്പേയുടെ നേതൃത്വത്തിലുള്ള ജൂറി പരിഗണിക്കുന്നത്. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഒക്ടോബറില്‍ ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ സമ്മാനിക്കും.