മമ്മൂട്ടിയെ നായകനാക്കി തുടങ്ങി ദുല്‍ക്കര്‍ സല്‍മാനില്‍ എത്തിയ സംവിധായകനാണ് മാര്ട്ടിന് പ്രക്കാട്ട്. അദ്ദേഹത്തിന്റെ ആദ്യചിത്രം മമ്മൂട്ടി നായകനായ ബെസ്റ്റ് ആക്ടര്‍. പിന്നീടെടുത്തത് ദുല്‍ക്കര്‍ ചിത്രം - എ ബി സി ഡി. അടുത്ത ചിത്രത്തിലും ദുല്‍ക്കര്‍ തന്നെ നായകന്.
ഇതിന് നേരെ വിപരീതമാണ് രൂപേഷ് പീതാംബരന്. സംവിധായകനായി കരിയര്‍ തുടങ്ങിയപ്പോള്‍ നായകന് ദുല്‍ക്കര്‍ - ചിത്രം ‘തീവ്രം’. അടുത്ത പടം യു ടൂ ബ്രൂട്ടസ്. ഇപ്പോഴിതാ, മൂന്നാം ചിത്രത്തിന് ഒരുങ്ങുകയാണ് രൂപേഷ്. നായകന് സാക്ഷാല്‍ മമ്മൂട്ടി!
മമ്മൂട്ടിയും രൂപേഷും ഒന്നിക്കുന്നത് ത്രില്ലര്‍ സ്വഭാവമുള്ള ഒരു പരീക്ഷണ ചിത്രത്തിനുവേണ്ടിയാണ്. രൂപേഷ് ഇപ്പോള്‍ ഈ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ്.
രൂപേഷ് പീതാംബരന് സംവിധാനം ചെയ്ത രണ്ടു ചിത്രങ്ങളും ബോക്സോഫീസില്‍ നേട്ടമുണ്ടാക്കിയിരുന്നില്ല. മൂന്നാം വരവില്‍ മമ്മൂട്ടിക്കൊപ്പം ചേര്‍ന്ന് ഒരു മെഗാഹിറ്റാണ് രൂപേഷ് ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ ആഗ്രഹിക്കുന്നതും.