ദിലീപ് ‘അടൂര്‍ ഭാസി’യാകുന്നു !

Webdunia
ശനി, 28 ജൂലൈ 2012 (16:34 IST)
PRO
മലയാള സിനിമയിലെ ചിരിയുടെ തമ്പുരാന്‍ അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാകുന്നു. അടൂര്‍ ഭാസിയായി ദിലീപ് അഭിനയിക്കുമെന്ന് സൂചന. സുകുമേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അടൂര്‍ ഭാസിയുടെ ബന്ധുവായ ബി ഹരികുമാര്‍ തിരക്കഥയെഴുതുന്നു.

അടൂര്‍ ഭാസിയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്‍ററിയല്ല സ്രഷ്ടാക്കളുടെ ഉദ്ദേശ്യം. ഭാസിയുടെ ജീവിതത്തിലെ ചില ഏടുകളിലൂടെ സഞ്ചരിക്കുന്ന, തീര്‍ത്തും കൊമേഴ്സ്യലായ ഒരു സിനിമയായിരിക്കും ഇത്. മറ്റ് താരങ്ങളെ അപേക്ഷിച്ച് അടൂര്‍ ഭാസിയുടെ ജീവിതം വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നുവെന്ന് സംവിധായകന്‍ വ്യക്തമാക്കുന്നു.

“അടൂര്‍ ഭാസിയുടെ ജീവിതം സിനിമയാക്കുന്നതിനെക്കുറിച്ച് ദിലീപുമായി സംസാരിച്ചു. കഥ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. മിമിക്രിയിലൂടെയാണ് താന്‍ കലാപ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും ഒരിക്കലും അടൂര്‍ ഭാസിയെ അനുകരിച്ചിട്ടില്ലെന്ന് ദിലീപ് ഞങ്ങളോട് പറഞ്ഞു. അതുകൊണ്ടുതന്നെ അദ്ദേഹത്തിനൊരു മടിയുണ്ട്. കഥാപാത്രത്തോട് നീതിപുലര്‍ത്താനാകുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ട്. ദിലീപ് പ്രൊജക്ടുമായി സഹകരിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” - സുകുമേനോന്‍ ഒരു ഇംഗ്ലീഷ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

നിലവിലെ പ്രൊജക്ടുകളുമായി താന്‍ അല്‍പ്പം ബിസിയാണെന്നും കുറച്ചുകാത്തിരിക്കണമെന്നുമാണ് ദിലീപ് അണിയറപ്രവര്‍ത്തകരെ അറിയിച്ചിട്ടുള്ളത്. “ദിലീപ് തയ്യാറാണെങ്കില്‍ കാത്തിരിക്കാന്‍ ഞാന്‍ തയ്യാറാണ്. ദിലീപിനെപ്പോലെ ഈ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനാവുന്ന ഒരു താരം വേറെയില്ല” - സുകുമേനോന്‍ പറയുന്നു.

അടൂര്‍ ഭാസിയുടെ പിതാവ് ഇ വി കൃഷ്ണപിള്ളയായി മധുവാണ് അഭിനയിക്കുന്നത്. നായികയെ തീരുമാനിച്ചിട്ടില്ല.