ജനപ്രിയതാരം ദിലീപ് പത്രപ്രവര്‍ത്തകനായി അഭിനയിക്കുന്നു. ക്യാമറാമാന്‍ പി സുകുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദിലീപിന്‍റെ പത്രപ്രവര്‍ത്തകവേഷം. കലവൂര്‍ രവികുമാറാണ് ചിത്രത്തിന്‍റെ തിരക്കഥ.
ഒരു ജേര്‍ണലിസ്റ്റായി ദിലീപ് ഇത് രണ്ടാം തവണയാണ് അഭിനയിക്കുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലെസി ചിത്രമായ കല്‍ക്കട്ട ന്യൂസില്‍ ദിലീപ് ഒരു ടി വി ജേര്‍ണലിസ്റ്റായാണ് അഭിനയിച്ചത്. എന്നാല്‍ അതില്‍ നിന്നും തികച്ചും വ്യത്യസ്തമായ കഥാപാത്രമായിരിക്കും ഈ ചിത്രത്തിലേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സ്വാഭാവികമായ നര്‍മ്മത്തിന്‍റെ അകമ്പടിയോടെ വികസിക്കുന്ന ഒരു കഥയാണ് രവികുമാര്‍ ഈ ചിത്രത്തിന് വേണ്ടി തയ്യാറാക്കിയിരിക്കുന്നത്.
പി സുകുമാര്‍ ഒരു നല്ല നടന്‍കൂടിയാണ്. കമല്‍ ചിത്രമായ കൈക്കുടന്ന നിലാവിലെ വില്ലന്‍ വേഷത്തില്‍ ഗംഭീരപ്രകടനമായിരുന്നു സുകുമാര്‍ കാഴ്ചവച്ചത്. ദിലീപിന്‍റെ വില്ലനായാണ് ആ സിനിമയില്‍ സുകുമാര്‍ വേഷമിട്ടത്. ഇപ്പോള്‍ ദിലീപ് സിനിമ സംവിധാനം ചെയ്യുന്നതിന്‍റെ ആവേശത്തിലാണ് സുകുമാര്‍.
സംവിധായകന്‍ കമലിന്‍റെ ഏറ്റവും പ്രിയപ്പെട്ടവര്‍ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. കമലിന്‍റെ ശിഷ്യനാണ് ദിലീപ്. കമല്‍ ചിത്രങ്ങളുടെ സ്ഥിരം ഛായാഗ്രാഹകനായ പി സുകുമാറും സ്ഥിരം തിരക്കഥാകൃത്തായ കലവൂര്‍ രവികുമാറും. എന്തായാലും ഈ ചിത്രം ഒരു വന്‍ വിജയമാകുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.
ദിലീപിന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ഇഷ്ട’ത്തിന് തിരക്കഥ രചിച്ചത് കലവൂര്‍ രവികുമാറായിരുന്നു.