തുപ്പാക്കി ഹിന്ദിയില്‍ ‘പിസ്റ്റള്‍’

Webdunia
ശനി, 18 മെയ് 2013 (20:07 IST)
PRO
എഴുപത് കോടി രൂപയായിരുന്നു ‘തുപ്പാക്കി’ എന്ന തമിഴ് ചിത്രത്തിന്‍റെ ചെലവ്. ചിത്രം വാരിക്കൂട്ടിയത് 180 കോടി രൂ‍പയും. എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഈ വിജയ് ചിത്രം തമിഴകത്തെ ഏറ്റവും വലിയ വിജയചിത്രമായി മാറി. ഇപ്പോള്‍ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. പടത്തിന് പേര് - ‘പിസ്റ്റള്‍’.

അക്ഷയ് കുമാറും സൊനാക്ഷി സിന്‍‌ഹയുമാണ് പിസ്റ്റളിലെ താരജോഡി. വിജയ് അനശ്വരമാക്കിയ മിലിട്ടറി ക്യാപ്ടന്‍ ജഗദീഷിനെയാണ് അക്ഷയ് കുമാര്‍ പിസ്റ്റളില്‍ പുനരവതരിപ്പിക്കുന്നത്. ജഗദീഷ് എന്ന പേര് വിരാട് എന്ന് മാറുന്നു. അലന്‍സ് പൌഡല്‍ ആണ് ഈ സിനിമയിലെ മറ്റൊരു പ്രധാന താരം.

ഹാരിസ് ജയരാജ് തന്നെയാണ് പിസ്റ്റളിനും സംഗീതമൊരുക്കുന്നത്. നടരാജന്‍ സുബ്രഹ്‌മണ്യമാണ് ക്യാമറ ചലിപ്പിക്കുന്നത്. തുപ്പാക്കിയുടെ ഛായാഗ്രഹണം സന്തോഷ് ശിവനായിരുന്നു.

അതേസമയം, തമിഴില്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിലെ നായകനും വിജയ് ആണ്. അജിത്തിനെ നായകനാക്കി ‘ഇരട്ടത്തലൈ’ എന്ന സിനിമയായിരുന്നു മുരുഗദോസ് അടുത്തതായി പ്ലാന്‍ ചെയ്തത്. എന്നാല്‍ പിന്നീട് അത് ഉപേക്ഷിച്ചു. അജിത്തിന് വേണ്ടി തയ്യാറാക്കിയ അതേ തിരക്കഥയാണ് മുരുഗദോസ് അടുത്ത വിജയ് ചിത്രത്തിനായി ഉപയോഗിക്കുന്നതെന്ന് സൂചനയുണ്ട്. ഈ ചിത്രത്തില്‍ വിജയ് ഇരട്ട വേഷങ്ങളിലാകും അഭിനയിക്കുകയെന്നും അറിയുന്നു.