തമിഴില്‍ പുലിമുരുകനാകുന്നത് സൂര്യ, ബോക്സോഫീസില്‍ പൊട്ടിത്തെറി ഉറപ്പ്!

Webdunia
വെള്ളി, 14 ഒക്‌ടോബര്‍ 2016 (19:21 IST)
മലയാളത്തിലെ സര്‍വകാല ഹിറ്റായ പുലിമുരുകന്‍ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുന്നു. തമിഴ് റീമേക്കിനുള്ള ചര്‍ച്ചകളാണ് സജീവമായിരിക്കുന്നത്. തമിഴകത്ത് പല സൂപ്പര്‍താരങ്ങളും ഇക്കാര്യത്തില്‍ താല്‍പ്പര്യം പ്രകടിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. വിജയ്, സൂര്യ തുടങ്ങിയവര്‍ക്ക് ചിത്രം വളരെയേറെ ഇഷ്ടമായതായാണ് അറിയുന്നത്. തമിഴ് റീമേക്കില്‍ ഇവരില്‍ ആരെങ്കിലും നായകനാകുമെന്നാണ് ആദ്യസൂചന. സൂര്യയ്ക്കാണ് സാധ്യത കൂടുതലെന്നാണ് വിവരം. ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലും പുലിമുരുകന്‍ റിലീസ് ചെയ്യും. ഈ മാസം 21ന് പുലിമുരുകന്‍റെ തെലുങ്ക് പതിപ്പ് റിലീസ് ചെയ്യുന്നുണ്ട്. 
 
വെറും ആറുദിവസം കൊണ്ട് 25 കോടിയിലേറെ കളക്ഷന്‍ നേടിയ പുലിമുരുകന്‍ മലയാള സിനിമാലോകത്തെ മുഴുവന്‍ അമ്പരപ്പിക്കുന്ന വിജയമാണ് നേടുന്നത്. ഇതുപോലെ ഒരു വിജയം സ്വപ്നങ്ങളില്‍ മാത്രം എന്നാണ് എതിരാളികള്‍ പോലും വിശേഷിപ്പിക്കുന്നത്. 
 
മോഹന്‍ലാലിന്‍റെ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും കടുവയുടെ സാന്നിധ്യവും വൈശാഖിന്‍റെ മാസ് ഡയറക്ഷനും ഉദയ്കൃഷ്ണയുടെ കിടിലന്‍ തിരക്കഥയും ഷാജിയുടെ ഉജ്ജ്വലമായ ഛായാഗ്രഹണവും പീറ്റര്‍ ഹെയ്നിന്‍റെ അനുപമമായ ആക്ഷന്‍ സീക്വന്‍സുകളുമാണ് പുലിമുരുകന് മഹത്തായ വിജയം നേടിക്കൊടുക്കുന്നത്. 
 
ആദ്യ 25 ദിവസങ്ങള്‍ കൊണ്ട് പുലിമുരുകന്‍ 100 കോടി ക്ലബിലെത്തുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മലയാളത്തില്‍ നിന്ന് 100 കോടി ക്ലബിലെത്തുന്ന ആദ്യ ചിത്രമായിരിക്കും ഇത്. കൂടുതല്‍ തിയേറ്ററുകളിലേക്ക് പുലിമുരുകന്‍ വ്യാപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
ബിജെപിയുടെ സംസ്ഥാന ഹര്‍ത്താന്‍ വ്യാഴാഴ്ച ആറുമണിക്ക് അവസാനിച്ചുകഴിഞ്ഞപ്പോള്‍ ജനം പാഞ്ഞെത്തിയത് പുലിമുരുകന്‍ കളിക്കുന്ന തിയേറ്ററുകളിലേക്ക്. ഹര്‍ത്താന്‍ സമയത്ത് ഒഴിഞ്ഞുകിടന്ന പല റോഡുകളും ഹര്‍ത്താല്‍ കഴിഞ്ഞതോടെ ബ്ലോക്കായി. പുലിമുരുകന്‍ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ക്ക് മുമ്പില്‍ ട്രാഫിക് ബ്ലോക്കും നീണ്ട ക്യൂവും ദൃശ്യമായി. ആയിരക്കണക്കിന് പേര്‍ ടിക്കറ്റ് കിട്ടാതെ മടങ്ങി.
 
തിയേറ്ററുകള്‍ ജനസമുദ്രമായതോടെ പല തിയേറ്ററുകളിലും പുലര്‍ച്ചെ ഒരുമണിക്ക് ശേഷം സ്പെഷ്യല്‍ ഷോ ഇടേണ്ടിവന്നു. പെരുമ്പാവൂരൊക്കെ ഇങ്ങനെ അഡീഷണല്‍ ഷോകള്‍ നടത്തി.
Next Article