ജയറാം ഉപമുഖ്യമന്ത്രിയാകുമോ?

Webdunia
തിങ്കള്‍, 16 ഡിസം‌ബര്‍ 2013 (15:33 IST)
PRO
ജയറാം രാഷ്ട്രീയത്തിലിറങ്ങുമോ? അധികമാരും ചോദിക്കാത്ത കാര്യം. കാരണം സുരേഷ്ഗോപിയെപ്പോലെ സമൂഹത്തിലെ വിവിധ വിഷയങ്ങളില്‍ നിരന്തരമായി ഇടപെടല്‍ നടത്തുന്ന വ്യക്തിയല്ല ജയറാം. തന്‍റെ കര്‍മ്മമേഖലയില്‍ മാത്രം ഒതുങ്ങിക്കൂടുന്ന സ്വഭാവമാണ് അദ്ദേഹത്തിന്‍റേത്.

എന്നാല്‍ ജയറാം ഉപമുഖ്യമന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നാണ് സൂചന. അതും കേരളത്തിലല്ല, തമിഴ്നാട്ടില്‍!

ഒരു പുതിയ തമിഴ് ചിത്രത്തേക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ജയറാമും ഭാഗ്യരാജും നായകന്‍‌മാരാകുന്ന പുതിയ തമിഴ് ചിത്രത്തിന് ‘തുണൈ മുതല്‍‌വര്‍’ എന്നാണ് പേര്. ഒരു ഗ്രാമത്തിലെ സുഹൃത്തുക്കളായ രണ്ട് നല്ല മനുഷ്യരില്‍ ഒരാള്‍ ഉപമുഖ്യമന്ത്രിയായി മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം.

ഈ പൊളിറ്റിക്കല്‍ സറ്റയര്‍ സംവിധാനം ചെയ്യുന്നത് വിവേകാനന്ദനാണ്. ഭാഗ്യരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്. ചിത്രത്തില്‍ ഭാഗ്യരാജാണോ ജയറാമാണോ ഉപമുഖ്യമന്ത്രിയാവുക എന്ന കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല.

ശ്വേതാ മേനോന്‍ ആണ് ചിത്രത്തിലെ നായിക. പൊള്ളാച്ചിയില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.