'ഛായാമുഖി' വിദേശത്തേക്ക്‌

Webdunia
PROPRO
മോഹന്‍ലാലും മുകേഷും ചേര്‍ന്ന്‌ അവതരിപ്പിക്കുന്ന നാടകം 'ഛായാമുഖി' ഗള്‍ഫ്‌ രാജ്യങ്ങളില്‍ അവതരിപ്പിക്കുന്നു. നടനും നിര്‍മ്മാതാവുമായ ദിനേശ്‌ പണിക്കരുടെ നേതൃത്വത്തിലാണ്‌ 'ഛായമുഖി' വിദേശത്ത്‌ അവതരിക്കപ്പെടുന്നത്‌.

മോഹന്‍ലാല്‍ ഭീമനായും മുകേഷ്‌ കീചകനായും വേഷമിടുന്ന 'ഛായാമുഖി' ഇരുവരും ചേര്‍ന്നാണ്‌ നിര്‍മ്മിക്കുന്നത്‌. മുപ്പതിലേറെ അണിയറ പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നതാണ്‌ നാടക സംഘം.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇതിനോടകം അവതരിപ്പിച്ച നാടകം മികച്ച പ്രതികരണമുണ്ടാക്കിയിരുന്നു. ഓക്ടോബര്‍ നവംബര്‍ മാസങ്ങളിലാണ്‌ നാടക സംഘം ഗള്‍ഫ്‌ പര്യടനം നടത്തുക.

പ്രശാന്ത്‌ നാരയാണന്‍ സംവിധാനം ചെയ്‌ത നാടകം പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും അഗാധമായ ഉള്‍കാഴ്‌ചകള്‍ പങ്കുവയ്‌ക്കുന്നു. മുഖം നോക്കുമ്പോള്‍ ഇഷ്ടപ്പെടുന്നവര്‍ പ്രതിഫലിക്കുന്ന ഒരു കണ്ണാടിയാണ്‌ ഛായാമുഖി. ഹിഡുബിക്ക്‌ ഭീമനേയും ഭീമന്‌ ദ്രൗപതിയേയും ദ്രൗപതിക്ക്‌ അര്‍ജുനനേയും കണ്ണാടി കാട്ടികൊടുക്കുന്നു. കീചകന്‍ മുഖം നോക്കുമ്പോഴാകട്ടെ കണ്ണാടിയില്‍ ആരും തെളിയുന്നില്ല.

ഒ എന്‍ വിയുടെ ഗാനങ്ങള്‍ക്ക്‌ മോഹന്‍സിതാരയാണ്‌ സംഗീതം നല്‌കിയിരിക്കുന്നത്‌. കോസ്‌റ്റിയൂം തയ്യാറാക്കിയിരിക്കുന്നത്‌ ആര്‍ട്ടിസ്റ്റ്‌ നമ്പൂതിരിയാണ്‌.