കുഞ്ഞിബീവാത്തുവായി കസറാന്‍ റെയ്മാ സെന്‍

Webdunia
ഞായര്‍, 15 മെയ് 2011 (12:42 IST)
PRO
PRO
മലയാളത്തില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അവസരം ലഭിച്ച ത്രില്ലിലാണ് ബോളിവുഡ് നടി റെയ്മാ സെന്‍. സ്വാതന്ത്ര്യസമര നായകന്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് പി ടി കുഞ്ഞിമുഹമ്മദ് ഒരുക്കുന്ന വീരപുത്രന്‍ എന്ന സിനിമയിലാണ് റെയ്മാ വേഷമിടുന്നത്. അബ്ദുറഹിമാന്റെ ഭാര്യയായ കുഞ്ഞുബീവാത്തുവായാണ് റെയ്മ അഭിനയിക്കുന്നത്.

മലയാളസിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൊന്നായിരിക്കും റെയ്മാ സെന്നിന്റേതെന്നാണ് വിലയിരുത്തല്‍. ഹിന്ദി, ബംഗാളി ചിത്രങ്ങളില്‍ മികച്ചവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ള നടിയാണ് റെയ്മ. അപര്‍ണ സെന്‍ സംവിധാനം ചെയ്ത ജാപ്പനീസ് വൈഫില്‍ ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റെയ്മയുടെ സഹോദരി റീമാ സെന്‍ അനന്തഭദ്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.

മലബാറില്‍ അബ്ദുറഹിമാന്‍ സാഹിബ് നടത്തിയ സ്വാതന്ത്ര്യസമര പോരാട്ടമാണ് വീരപുത്രന്‍ എന്ന സിനിമയുടെ പ്രമേയം. 1921 ഏപ്രില്‍ 23 മുതല്‍ 1945 നവംബര്‍ 23 വരെയുള്ള കാലഘട്ടമാണ് സിനിമയില്‍ ആവിഷ്‌ക്കരിക്കുക. നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത് നരേനാണ്. ആദ്യം പൃഥ്വിയെയാണ് നായകനായി തീരുമാനിച്ചിരുന്നത്. എന്നാല്‍ പൃഥ്വിയുടെ തിരക്കുകള്‍ കാരണം ഷൂട്ടിംഗ് തുടങ്ങാന്‍ താമസം നേരിട്ടതിനാല്‍ നരേനെ നായകനായി നിശ്ചയിക്കുകയായിരുന്നു.