ഇത്രയും വലിയ പരാജയം ജോഷി പ്രതീക്ഷിച്ചിരുന്നില്ല. ‘ലോക്പാല്‍’ എന്ന സിനിമ ചെയ്യുമ്പോള്‍ അത് ഹിറ്റാകുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിച്ചത്. മോഹന്‍ലാലിന്‍റെ വിവിധ ഗെറ്റപ്പുകളൊക്കെ റിലീസിന് മുമ്പ് വലിയ ചര്‍ച്ചാവിഷയമായി. എന്നാല്‍ പടം പുറത്തുവന്നപ്പോള്‍ അതെല്ലാം ഫാന്‍സി ഡ്രസ് നിലവാരത്തിലായിരുന്നു എന്ന് മനസിലാക്കിയ പ്രേക്ഷകര്‍ നിഷ്കരുണം സിനിമയെ തള്ളിക്കളഞ്ഞു.
കാലത്തിന് യോജിക്കാത്ത തിരക്കഥയായിരുന്നു ലോക്പാലിന്‍റെ പ്രശ്നം. റണ്‍ ബേബി റണ്ണിന്‍റെ മഹാവിജയത്തിന് ശേഷമെത്തിയ സിനിമയായതിനാല്‍ ലോക്പാലിന്‍റെ പരാജയം ജോഷിക്ക് വലിയ ക്ഷീണമായി.
എന്തായാലും ആ പരാജയത്തില്‍ നിന്ന് കരകയറാന്‍ കടുത്ത പരിശ്രമത്തിലാണ് ജോഷി. മിലിട്ടറി പശ്ചാത്തലത്തില്‍ ‘കാശ്മീര്‍’ എന്ന പ്രൊജക്ടാണ് ജോഷി ഇനി ചെയ്യുന്നത്. ജയറാം നായകനാകുന്ന സിനിമയുടെ തിരക്കഥ സേതു രചിക്കുന്നു.
കാശ്മീരിന് ശേഷം ജോഷി തന്‍റെ ഇഷ്ടനായകനായ മോഹന്‍ലാലുമായി വീണ്ടും ഒത്തുചേരും. കഹാനി, സിംഗ് ഈസ് കിംഗ്, ആക്ഷന്‍ റീപ്ലേ, ലണ്ടന്‍ ഡ്രീംസ്, ഷൂട്ടൌട്ട് അറ്റ് ലോഖണ്ഡ്‌വാല, നമസ്തേ ലണ്ടന്‍ തുടങ്ങിയ ഹിന്ദി സിനിമകളുടെ തിരക്കഥാകൃത്തും മലയാളിയുമായ സുരേഷ് നായരാണ് ജോഷി - മോഹന്‍ലാല്‍ ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.
ഒരു ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടിയാണ് മോഹന്‍ലാലും ജോഷിയും വീണ്ടും കൈകോര്‍ക്കുന്നത്. മലയാളത്തില്‍ താന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന നടന്‍ മോഹന്‍ലാലാണെന്നും അദ്ദേഹത്തിനായി ഒരു തിരക്കഥയെഴുതണമെന്നത് വലിയ ആഗ്രഹമായിരുന്നെന്നും സുരേഷ് നായര്‍ പറയുന്നു.