‘ഐ’യിലൊക്കെ കണ്ടത് ബോഡി ബില്‍ഡറായ വിക്രമിനെയാണ്. കായികശക്തികൊണ്ട് വില്ലന്‍മാരെ അടിച്ചുപറത്തുന്ന വിക്രം കഥാപാത്രങ്ങള്‍ ഇഷ്ടംപോലെയുണ്ട്. ഭീമയും രാജപാട്ടൈയും സാമിയുമൊക്കെ ഉദാഹരണം. എന്നാല്‍ ഇനി, ബുദ്ധികൊണ്ടുകളിക്കുന്ന കഥാപാത്രമാകാന്‍ വിക്രം ഒരുങ്ങുകയാണ്.
‘രാജതന്ത്രം’ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ അമിദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിക്രമിന്‍റെ വ്യത്യസ്തവേഷം. കൊടും ക്രിമിനലായ വില്ലനെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ കുരുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ചിത്രത്തില്‍ വിക്രം അഭിനയിക്കുന്നത്.
വിക്രമിന്‍റെ മുടങ്ങിയ ‘കരികാലന്‍’ എന്ന പ്രൊജക്ടിന്‍റെ നിര്‍മ്മാതാക്കളാണ് ഈ സിനിമയ്ക്കായി പണം മുടക്കുന്നത്. ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ നായികയെയും മറ്റ് താരങ്ങളെയും തീരുമാനിച്ചിട്ടില്ല.
ജിബ്രാനാണ് ഈ സിനിമയ്ക്ക് സംഗീതം ചെയ്യുന്നത്. ‘10 എണ്‍റതുക്കുള്ളേ’ എന്ന ത്രില്ലറിലാണ് വിക്രം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.