കബാലി തിയേറ്ററുകളില്‍ വീഴുമോ?

നരേഷ് മൂര്‍ത്തി

വെള്ളി, 22 ജൂലൈ 2016 (16:20 IST)
രജനികാന്തിന്‍റെ കബാലി തിയേറ്ററുകളിലെത്തി. വാനോളം ഉയര്‍ന്ന പ്രതീക്ഷകളെ പൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ല സംവിധായകന്‍ പാ രഞ്ജിത്തിന് എന്നാണ് പരക്കെയുള്ള അഭിപ്രായം. സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. രജനികാന്തിന്‍റെ ഒരു റിയലിസ്റ്റിക് ക്ലാസ് ചിത്രം എന്നാണ് നിരൂപകാഭിപ്രായം. ആരാധകരെ ചിത്രം ഒരളവില്‍ നിരാശരാക്കുന്നു.
 
ഇനി ഈ സിനിമ പരാജയപ്പെട്ടാല്‍ എന്താണ് സംഭവിക്കുക? അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പുണ്ട്. കാരണം, നിര്‍മ്മാതാവ് കലൈപ്പുലി എസ് താണു കബാലി റിലീസ് ചെയ്യുന്നതിന് മുമ്പുതന്നെ ലാഭം നേടിയ ആളാണ്. 223 കോടി രൂപയ്ക്ക് വിതരണാവകാശം വിറ്റുപോയ സിനിമയുടെ ചെലവ് വെറും 80 കോടി രൂപ മാത്രമാണ്. അതായത് റിലീസിന് മുമ്പുതന്നെ ചിത്രം മൂന്നിരട്ടി ലാഭം സ്വന്തമാക്കിക്കഴിഞ്ഞു.
 
സാങ്കേതികമായി സിനിമ ലാഭമാണ്. എന്നാല്‍ തിയേറ്ററുകളില്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ച് ലാഭം നേടുന്ന പതിവ് രീതിയില്‍ കബാലിക്ക് വീഴ്ച സംഭവിക്കുമോ? അങ്ങനെയുണ്ടായാല്‍ എന്താവും സ്ഥിതി? കലൈപ്പുലി എസ് താണു ഏരിയ തിരിച്ച് വിതരണാവകാശം പല കമ്പനികള്‍ക്കായി റെക്കോര്‍ഡ് തുകയ്ക്ക് വിറ്റതിനാല്‍ പടം തിയേറ്ററില്‍ വീണാല്‍ അത് ബാധിക്കുക വിതരണക്കാരെയാണ്.
 
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാല്‍ 8.5 കോടി രൂപയ്ക്കാണ് കബാലിയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. കേരളത്തില്‍ 300 തിയേറ്ററുകളിലാണ് കബാലി റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ തമിഴ്നാട് ഡിസ്ട്രിബ്യൂഷന്‍ വിറ്റുപോയത് 68 കോടി രൂപയ്ക്കാണ്.
 
ആന്ധ്രയിലെ വിതരണാവകാശം 32 കോടിക്കും കര്‍ണാടക വിതരണാവകാശം 10 കോടിക്കും വിറ്റു. വടക്കേ ഇന്ത്യയില്‍ 15.5 കോടിയാണ് വിതരണാവകാശത്തുക ലഭിച്ചത്. അമേരിക്കയിലും കാനഡയിലും എട്ടരക്കോടിക്കാണ് കബാലി വിറ്റത്. മലേഷ്യയില്‍ വിതരണത്തിന് 10 കോടി ലഭിച്ചു.
 
മറ്റ് വിദേശരാജ്യങ്ങളിലേക്കായി 16.5 കോടി വിതരണാവകാശം ലഭിച്ചു. ജയ ടി വിക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റത് 40 കോടി രൂപയ്ക്കാണ്. മറ്റ് പല വകുപ്പുകളിലായി 15 കോടി രൂപയും കബാലി സ്വന്തമാക്കി. 
 
തിയേറ്ററുകളില്‍ ഈ സിനിമ വീണാല്‍, ‘ലിങ്ക’ എന്ന കഴിഞ്ഞ രജനിച്ചിത്രത്തിന് സംഭവിച്ചത് ആവര്‍ത്തിച്ചേക്കാം. അന്ന് ലിങ്കയുടെ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് വിതരണക്കമ്പനികള്‍ പ്രതിഷേധമുയര്‍ത്തി. ഒടുവില്‍ രജനികാന്ത് ഇടപെട്ടാണ് അവരുടെ നഷ്ടം ഒരു പരിധിവരെ പരിഹരിച്ചത്. 
 
തമിഴ്നാട്ടിലെ സിനിമയുടെ പ്രകടനമാണ് കബാലി വിജയമാണോ പരാജയമാണോ എന്ന് തീരുമാനിക്കുക. ചെന്നൈ, ചെങ്കല്‍പ്പേട്ട്, നോര്‍ത്ത് ആര്‍ക്കോട്ട്, സൌത്ത് ആര്‍ക്കോട്ട് മേഖലകളിലെ പെര്‍ഫോമന്‍സ് നിര്‍ണായകമാണ്. 
 
കലൈപ്പുലി എസ് താണു തന്നെ ചിത്രം തമിഴ്നാട്ടില്‍ വിതരണം ചെയ്താല്‍ മതിയെന്ന് രജനികാന്ത് ആവശ്യപ്പെട്ടിരുന്നുവത്രേ. എന്നാല്‍ താണു ചിത്രത്തിന്‍റെ അവകാശം പലര്‍ക്കായി വീതിച്ചുകൊടുത്തു. കബാലി ഒരിക്കലും നഷ്ടമാകില്ലെന്ന് താണു വിതരണക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടത്രേ. എന്തായാലും ആദ്യ ദിനത്തിലെ ബോക്സോഫീസ് പ്രകടനം പ്രതീക്ഷ നല്‍കുന്നതാണ്.
 
ചിത്രം റിലീസായി മണിക്കൂറുകള്‍ക്കകം വ്യാജപതിപ്പ് എച്ച് ഡി മികവോടെ ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതും സിനിമയുടെ അണിയറപ്രവര്‍ത്തകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക