കഥാപാത്രത്തിന് 5 ഭാവങ്ങള്‍, നിര്‍മ്മാണം മമ്മൂട്ടി ഏറ്റെടുത്തു!

വെള്ളി, 2 മെയ് 2014 (15:16 IST)
പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയ്ന്‍റിലൂടെ പുണ്യാളന്‍റെ അനുഗ്രഹം വേണ്ടത്ര സിദ്ധിച്ചയാളാണ് മമ്മൂട്ടി. പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന സിനിമയിലൂടെ വിജയത്തിന്‍റെ പുണ്യാളസ്പര്‍ശം സംവിധായകന്‍ രഞ്ജിത് ശങ്കറിനും വേണ്ടുവോളം ലഭിച്ചു. ഇവര്‍ ഒരുമിക്കുകയാണ്. ‘വര്‍ഷം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അഞ്ച് വ്യത്യസ്ത ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഒരു അമ്പത്തഞ്ചുകാരന്‍റെ കഥയാണ് വര്‍ഷം. ചിത്രത്തിന്‍റെ നിര്‍മ്മാണവും വിതരണവും മമ്മൂട്ടി ഏറ്റെടുത്തു.
 
വര്‍ഷത്തിന്‍റെ നിര്‍മ്മാണത്തില്‍ മമ്മൂട്ടിക്കൊപ്പം രഞ്ജിത് ശങ്കറും പങ്കാളിയാണ്. വിതരണം പ്ലേ ഹൌസ് നിര്‍വഹിക്കും. ഒരു ഇടവേളയ്ക്ക് ശേഷമാണ് നിര്‍മ്മാണ വിതരണ രംഗത്ത് മമ്മൂട്ടി മടങ്ങിയെത്തുന്നത്. 
 
ജൂലൈ 20നാണ് വര്‍ഷത്തിന്‍റെ ചിത്രീകരണം ആരംഭിക്കുന്നത്. ദൃശ്യം, മെമ്മറീസ്, പുണ്യാളന്‍ അഗര്‍ബത്തീസ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായ സുജിത് വാസുദേവാണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുക. സംഗീതം ബിജിപാല്‍.
 
വര്‍ഷം ഒക്ടോബര്‍ രണ്ടിന് റിലീസ് ചെയ്യും. രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. സ്വന്തം ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരു സാധാരണക്കാരനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.
 
പാസഞ്ചര്‍, അര്‍ജ്ജുനന്‍ സാക്ഷി, മോളി ആന്‍റി റോക്സ്, പുണ്യാളന്‍ അഗര്‍ബത്തീസ് എന്നിവയാണ് രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമകള്‍.

വെബ്ദുനിയ വായിക്കുക