ഓര്‍മ്മകളില്‍ ജീവിക്കുന്ന പൊലീസുകാരന്‍, പൃഥ്വി തകര്‍ക്കുന്നു!

Webdunia
ബുധന്‍, 24 ഏപ്രില്‍ 2013 (20:24 IST)
PRO
കേരളത്തിലെ പ്രേക്ഷകര്‍ അംഗീകരിച്ച ഒരു വസ്തുതയുണ്ട്. പൊലീസ് വേഷം ചെയ്യാന്‍ മമ്മൂട്ടിയെക്കാള്‍ മിടുക്ക് സുരേഷ്ഗോപിക്കാണ് എന്നതാണ് അത്. ഒടുവില്‍ ട്വന്‍റി20യില്‍ പോലും അത് പ്രേക്ഷകര്‍ ആസ്വദിച്ചതാണ്. സുരേഷ്ഗോപി കഴിഞ്ഞാല്‍ പൊലീസ് കഥാപാത്രമായി പൃഥ്വിരാജിനെ സ്ക്രീനില്‍ കാണാനാണ് മലയാളികള്‍ക്ക് ഇഷ്ടം.

പൊലീസ് വേഷങ്ങളില്‍ മിന്നിത്തിളങ്ങാന്‍ പൃഥ്വിക്ക് പ്രത്യേക വൈദഗ്ധ്യമുണ്ട്. ഒരുപക്ഷേ, പൃഥ്വി ഏറ്റവും കൂടുതല്‍ അവതരിപ്പിച്ചിരിക്കുന്നത് പൊലീസ് വേഷങ്ങളും ആയിരിക്കും. ത്രില്ലര്‍, മാസ്റ്റേഴ്സ്, വര്‍ഗം, കാക്കി, സത്യം, പൊലീസ്, മുംബൈ പൊലീസ് അങ്ങനെ എത്രയെത്ര വേഷങ്ങള്‍. ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പൊലീസ് കഥാപാത്രമാവുകയാണ് ഇപ്പോള്‍ പൃഥ്വി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മെമ്മറീസ്’ എന്ന ചിത്രത്തിലാണ് പൃഥ്വിയുടെ തകര്‍പ്പന്‍ പൊലീസ് വേഷം.

അമിത മദ്യപാനിയായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. അയാള്‍ ഒടുവില്‍ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് എത്തുന്നു. ഭൂതകാലത്തില്‍, ഓര്‍മ്മകളില്‍ ജീവിക്കുന്ന ഒരാളായി മാറുന്നു. വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളൊന്നും അയാളെ ബാധിക്കുന്നില്ല. മദ്യത്തിനടിമയായ, ഉദാസീനനായ ഒരാളായി അയാള്‍ മാറുന്നു.

നെഗറ്റീവ് ഷേഡുള്ള ഈ പൊലീസുകാരന് എപ്പോഴെങ്കിലും ഒരു മാറ്റമുണ്ടാകുമോ? അയാളുടെ മാറ്റം ഏത് വിധത്തിലായിരിക്കും? ഏറെ പ്രത്യേകതകളുള്ള ഈ കഥ പറയുകയാണ് ‘മെമ്മറീസ്’.

ഡിറ്റക്ടീവ്, മമ്മി ആന്‍റ് മി, മൈ ബോസ് എന്നീ ഹിറ്റുകള്‍ക്ക് ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വിജയരാഘവന്‍, രാഹുല്‍ മാധവ്, സുരേഷ് കൃഷ്ണ, മേഘ്ന രാജ്, മിയ തുടങ്ങിയവരും ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.