എന്നെ വിലക്കിയത് തെറ്റായ തീരുമാനം: നയന്‍സ്

Webdunia
വെള്ളി, 6 ഫെബ്രുവരി 2009 (10:59 IST)
PROPRO
ഹൈദരാബാദ്: തമിഴ് സിനിമയില്‍ തന്നെ വിലക്കിയ തമിഴ്‌ ഫിലിം പ്രോഡ്യൂസേഴ്‌സ്‌ കൗണ്‍സിലിന്‍റെയും സൗത്ത്‌ ഇന്ത്യന്‍ ഫിലിം ആക്ടേഴ്‌സ്‌ അസോസിയേഷന്‍റെയും തീരുമാനം ശരിയായില്ലെന്ന് തെന്നിന്ത്യന്‍ ഗ്ലാമര്‍ റാണി നയന്‍‌താര. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് നയന്‍‌താര സംഘടനകള്‍ക്കും സംവിധായകന്‍ ലിംഗുസ്വാമിക്കുമെതിരെ പൊട്ടിത്തെറിച്ചത്.

ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ‘പയ്യാ’ എന്ന ചിത്രത്തില്‍ നയന്‍‌താരയായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്. ഒരുകോടി രൂപയാണ് നയന്‍സ് പ്രതിഫലമായി ആവശ്യപ്പെട്ടത്. അത് അംഗീകരിച്ച നിര്‍മ്മാതാക്കള്‍ 20 ലക്ഷം രൂപ അഡ്വാന്‍സും നല്‍കി. എന്നാല്‍ പിന്നീട്, പ്രതിഫലത്തുകയില്‍ കുറവു വരുത്തണമെന്ന് സംവിധായകനും നിര്‍മ്മാതാവും നയന്‍‌താരയോട് ആവശ്യപ്പെടുകയായിരുന്നു. അതിന് നയന്‍സ് വഴങ്ങിയില്ല. തുടര്‍ന്ന് നയന്‍‌താരയെ ഒഴിവാക്കുകയും തമന്നയെ ആ റോളില്‍ അഭിനയിപ്പിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. എന്നാല്‍, അഡ്വാന്‍സ് വാങ്ങിയ ഇരുപത് ലക്ഷം രൂപ നയന്‍‌താര തിരിച്ചു തന്നില്ലെന്ന് ആവശ്യപ്പെട്ടാണ് നിര്‍മ്മാതാവും സംവിധായകനും സംഘടനകളില്‍ പരാതി നല്‍കിയത്.

എന്നാല്‍ ‘പയ്യാ’യ്ക്ക് നല്‍കിയ മൂന്നു മാസത്തെ ഡേറ്റ് പാഴായിപ്പോയെന്നും അതിന്‍റെ നഷ്ടപരിഹാരം ആരു നല്‍കുമെന്നുമാണ് നയന്‍‌താര തിരിച്ചു ചോദിക്കുന്നത്. ഇതോടെ ഒരു ഒത്തുതീര്‍പ്പിന് നിര്‍മ്മാതാക്കള്‍ തയ്യാറായി. നയന്‍‌താരയുടെ വിലപ്പെട്ട ദിവസങ്ങള്‍ പാഴാക്കിയതിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നും ബാക്കി 15 ലക്ഷം രൂപ തിരിച്ചു നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇതിനോട് രൂക്ഷമായ ഭാഷയിലാണ് നയന്‍‌താര പ്രതികരിച്ചത്.

“മൂന്നു മാസം മറ്റ് ചിത്രങ്ങള്‍ക്കൊന്നും ഡേറ്റ് നല്‍‌കാതെ ‘പയ്യാ’ തുടങ്ങുന്നതിനായി കാത്തിരുന്ന എന്‍റെ നഷ്ടപരിഹാരം എത്രയെന്ന് നിശ്ചയിക്കാന്‍ ലിംഗുസ്വാമി ആരാണ്? ഒരു തെലുങ്ക് ചിത്രവും തമിഴ് ചിത്രവുമാണ് ഞാന്‍ ഈ സിനിമയ്ക്കു വേണ്ടി വേണ്ടെന്നു വച്ചത്. എനിക്കുണ്ടായ നഷ്ടം വളരെ വലുതാണ്. എന്‍റെ വിലപ്പെട്ട സമയത്തിന് ആര് നഷ്ടപരിഹാരം തരും? എന്നെ വിലക്കുന്നത് തെറ്റായ തീരുമാനമാണ്, വിവേചനപരവും” - നയന്‍സ് പറയുന്നു.

സംഘടനകളുടെ വിലക്ക് ഭീഷണിയെയൊന്നും നയന്‍‌താര കാര്യമാക്കുന്നില്ല. “നിര്‍ബന്ധപൂര്‍വം എന്നെക്കൊണ്ട് എന്തെങ്കിലും ചെയ്യിക്കാന്‍ ആര്‍ക്കുമാകില്ല. എന്‍റെ വ്യക്തിത്വത്തിനാണ് ഞാന്‍ ഏറ്റവും മൂല്യം കല്പിക്കുന്നത്. ഒരു നടിയായതുകൊണ്ടാണ് ഈ പ്രശ്നത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു പോയത്. എന്നാല്‍ നീതിക്കു വേണ്ടി പോരാടാന്‍ തന്നെയാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.” - നയന്‍സ് നയം വ്യക്തമാക്കുന്നു.

തമിഴില്‍ പുതിയ ചിത്രങ്ങളിലൊന്നും നയന്‍താരയെ സഹകരിപ്പിക്കരുതെന്ന നിര്‍ദ്ദേശമാണ്‌ സംഘടനകള്‍ നല്‌കിയിരിക്കുന്നത്‌. മലയാള ചിത്രമായ ബോഡിഗാര്‍ഡിലും ജൂനിയര്‍ എന്‍ ടി ആറിന്‍റെ തെലുങ്ക് ചിത്രത്തിലുമാണ് നയന്‍സ് ഇപ്പോള്‍ അഭിനയിക്കുന്നത്.