ഉറുമിയോട് ഏറ്റുമുട്ടാതെ ചൈനാ ടൌണും ഓഗസ്റ്റ് 15ഉം പിന്‍‌മാറി

Webdunia
വെള്ളി, 11 ഫെബ്രുവരി 2011 (17:36 IST)
PRO
ബിഗ്സ്റ്റാര്‍ പൃഥ്വിരാജും യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലും മെഗാസ്റ്റാര്‍ മമ്മൂട്ടിയും മാര്‍ച്ച് 30ന് ഏറ്റുമുട്ടുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പൃഥ്വിയുടെ ഉറുമിയും ലാലിന്‍റെ ചൈനാ ടൌണും മമ്മൂട്ടിയുടെ ആഗസ്റ്റ് 15ഉം ആ ദിവസമാണ് റിലീസ് ചെയ്യാനിരുന്നത്. മോഹന്‍ലാലിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം തന്നെ ധൈര്യപൂര്‍വം തന്‍റെ ചിത്രം റിലീസ് ചെയ്യാന്‍ പൃഥ്വി തയ്യാറാവുകയായിരുന്നു. പിന്നീടാണ് ആഗസ്റ്റ് 15 അതേ ദിവസം തന്നെ റിലീസ് ചെയ്യാന്‍ തീരുമാനിക്കുന്നത്.

പുതിയ വാര്‍ത്ത, ചൈനാ ടൌണ്‍ റിലീസ് വൈകും എന്നാണ്. ആഗസ്റ്റ് 15 ആകട്ടേ നേരത്തേ റിലീസ് ചെയ്യാനാണ് നീക്കം. ഏപ്രില്‍ ഏഴിനു മാത്രമേ ചൈനാ ടൌണ്‍ പ്രദര്‍ശനത്തിനെത്തൂ. ആഗസ്റ്റ് 15 എത്തുന്നത് മാര്‍ച്ച് 25നാണ്. ഉറുമിയുമായി ഒരു വാരത്തിന്‍റെ അകലം പാലിച്ചാണ് രണ്ടു സിനിമകളും പ്രദര്‍ശനത്തിനെത്തുന്നത്. മലയാളത്തിന്‍റെ ബോക്സോഫീസ് മഹാരാജാക്കന്‍‌മാരും യുവരാജാവും തമ്മില്‍ ഒരേദിവസം നേര്‍ക്കുനേര്‍ പോരാടുന്ന കാഴ്ചയാണ് പ്രേക്ഷകര്‍ക്ക് ചൈനാ ടൌണിന്‍റെയും ആഗസ്റ്റ് 15ന്‍റെയും പിന്‍‌മാറ്റത്തിലൂടെ നഷ്ടമായിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും കാവ്യാമാധവനുമാണ് ചൈനാ ടൌണിലെ താരങ്ങള്‍. ഉറുമിയിലാകട്ടെ പ്രഭുദേവ, ജനിലിയ, തബു, വിദ്യാ ബാലന്‍ തുടങ്ങിയവര്‍ പൃഥ്വിക്കൊപ്പം അണിനിരക്കും. ലോകോത്തര സംവിധായകന്‍ സന്തോഷ് ശിവനാണ് ഉറുമി ഒരുക്കുന്നത്. ചൈനാ ടൌണ്‍ സംവിധാനം ചെയ്തിരിക്കുന്നത് റാഫി മെക്കാര്‍ട്ടിനാണ്. ആഗസ്റ്റ് 15ല്‍ ഷാജി കൈലാസ് - എസ് എന്‍ സ്വാമി ടീമാണ് മമ്മൂട്ടിക്കൊപ്പം ചേരുന്നത്.

20 കോടി രൂപയാണ് ഉറുമിയുടെ മുതല്‍ മുടക്ക്. വൈഡ് റിലീസാണ് പൃഥ്വി ഉദ്ദേശിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളും ഉടന്‍ റിലീസ് ചെയ്യും.