തന്‍റെ മാതാപിതാക്കള്‍ക്കുള്ള സമ്മാനമാണ് ഉറുമിയിലെ പ്രത്യേക ഗാനരംഗമെന്ന് പ്രശസ്ത ബോളിവുഡ് നടിയും മലയാളിയുമായ വിദ്യാബാലന്‍. മലയാള ചിത്രങ്ങളില്‍ അഭിനയിക്കണമെന്നുള്ളത് മാതാപിതാക്കളുടെ ആഗ്രഹമായിരുന്നുവെന്നും അതിനാലാണ് ഉറുമിയില്‍ ചില രംഗങ്ങളിലും ഗാനരംഗങ്ങളിലും അഭിനയിച്ചതെന്നും അവര്‍ പറഞ്ഞു.
അതേസമയം ഇതൊരു ഐറ്റം സോംഗല്ലെന്നും ദിവ്യപ്രവചനങ്ങള്‍ നടത്തുന്നവളായാണ് താന്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്നും ബാലന്‍ പറഞ്ഞു. തന്‍റെ സ്വന്തം ശബ്ദത്തിലാണ് വിദ്യാബാലന്‍ ചിത്രത്തില്‍ ശബ്ദം നല്‍കിയിരിക്കുന്നത്.
പൃഥ്വിരാജ് നായകനാകുന്ന ഉറുമിയില്‍ വന്‍ താരനിരയാണുള്ളത്. പ്രഭുദേവ, ആര്യ, താബു, ജനേലിയ ഡിസൂസ എന്നിവര്‍ അഭിനയിക്കുന്ന ചരിത്ര പശ്ചാത്തലത്തിലുള്ള ചിത്രം സംവിധാനം ചെയ്യുന്നത് സന്തോഷ് ശിവനാണ്. 1498ല്‍ കാപ്പാടെത്തിയ വാസ്‌കോ ഗാമയെക്കുറിച്ചുള്ള ചിത്രമാണിത്. ലോകസിനിമകളോട് മത്സരിക്കാന്‍ കഴിവുള്ള ഒരു മലയാള ചിത്രം എന്നാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ‘ഉറുമി‘ക്കുറിച്ച് പറയുന്നത്.
അതിനിടെ ഉറുമിയുടെ ഇംഗ്ലീഷ് പതിപ്പ് വാസ്‌കോ ഡ ഗാമ എന്ന പേരില്‍ പുറത്തിറക്കാനും തീരുമാനിച്ചിട്ടുണ്ട്. മാര്‍ച്ച് 31നാണ് ഈ ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. സന്തോഷ് ശിവന്‍, പൃഥ്വിരാജ്, ഷാജി നടേശന്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.