മമ്മൂട്ടിയുടെ കരിയറില്‍ അനവധി പൊലീസ് കഥാപാത്രങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ രാജന്‍ സക്കറിയ പോലെ മറ്റൊന്നുണ്ടാവില്ല. ‘കസബ’ എന്ന സിനിമയിലെ കഥാപാത്രം അത്രമാത്രം വ്യത്യസ്തമാണ്. എന്നാല്‍ ബല്‍റാമിനെയോ നരിയെയോ ഒന്നും പ്രതീക്ഷിച്ച് രാജന്‍ സക്കറിയയെ കാണാന്‍ എത്തരുത്. രാജന്‍ ആള് വേറെ ലെവലാണ്.
പൊലീസ് ജീപ്പിന്‍റെ ബോണറ്റില്‍ ഇരുവശത്തും കൈകളിട്ട്, ബംപറില്‍ ഇരുന്ന് കാലിന്‍മേല്‍ കാല്‍ വച്ച്, മുഖത്ത് കൂളിംഗ് ഗ്ലാസ് ഫിറ്റ് ചെയ്ത് അടിപൊളിയായിട്ടുള്ള രാജന്‍ സക്കറിയയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോളിന് കാരണമായിരുന്നല്ലോ. അതിന് ശേഷമെത്തിയ പോസ്റ്ററുകളും ട്രോളാക്രമണത്തിന് വിധേയമായി. എന്നാല്‍ അറിഞ്ഞോളൂ, ട്രോളിയവര്‍ ഞെട്ടും. വരുന്നത് രാജമാണിക്യത്തെ വെല്ലുന്ന ഒരു പുപ്പുലിയാണ്.
അത്യാവശ്യവും അതിലേറെയും തല്ലിപ്പൊളിത്തരങ്ങള്‍ കൈവശമുള്ള പൊലീസ് ഉദ്യോഗസ്ഥനാണ് രാജന്‍ സക്കറിയ. ഒരു കില്ലാടി. തല്ലിന് തല്ല് പല്ലിന് പല്ല് എന്ന മട്ടിലാണ് കാര്യങ്ങള്‍. പാലക്കാട് ജില്ലയില്‍ ജോലിചെയ്തിരുന്ന രാജന്‍ സക്കറിയ കേരള - കര്‍ണാടക അതിര്‍ത്തിയില്‍ കസബ സ്റ്റേഷനിലെത്തിയത് എന്തിനാണ്? അതിനുപിന്നില്‍ ഒരു ലക്‍ഷ്യമുണ്ട്.
തന്‍റെ മേലുദ്യോഗസ്ഥന്‍റെ ജീവിതത്തിലുണ്ടാകുന്ന ഒരു ദുരന്തത്തിന്‍റെ പിന്നാമ്പുറക്കഥകള്‍ അന്വേഷിച്ചാണ് രാജന്‍ സക്കറിയ കസബയിലെത്തുന്നത്. അവിടെ അയാള്‍ക്ക് നേരിടാനുണ്ടായിരുന്നത് വലിയ വെല്ലുവിളികളും പ്രതിസന്ധികളുമായിരുന്നു.
നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബയില്‍ വരലക്ഷ്മി ശരത്കുമാറാണ് നായിക. കമല എന്നാണ് കഥാപാത്രത്തിന്‍റെ പേര്. പ്രശസ്ത തെന്നിന്ത്യന്‍ താരം സമ്പത്താണ് ചിത്രത്തിലെ വില്ലന്‍. ജൂലൈ ഏഴിന് ലോകമെമ്പാടും ചിത്രം റിലീസ് ചെയ്യും. ഈ ചിത്രത്തേക്കുറിച്ച് മമ്മൂട്ടി ആരാധകരുടെ പ്രതീക്ഷ വളരെ വലുതാണ്. ഒരുപക്ഷേ, മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റായിരിക്കും കസബ എന്നാണ് അവരുടെ വിശ്വാസം.