അനൂപ് മേനോന്‍ ഇനി മുല്ലശ്ശേരി മാധവന്‍ കുട്ടി

Webdunia
ഞായര്‍, 20 മാര്‍ച്ച് 2011 (19:33 IST)
PRO
PRO
മികച്ച കഥാപാത്രങ്ങളിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തിക്കൊണ്ടിരിക്കുന്ന അനൂപ് മേനോന്‍ വീണ്ടും നായകനാകുന്നു. നവാഗതനായ കുമാര്‍ നന്ദു സംവിധാനം ചെയ്യുന്ന മുല്ലശ്ശേരി മാധവന്‍ കുട്ടി നേമം പിഒ എന്ന ചിത്രത്തിലാണ് അനൂപ് മേനോന്‍ നായകകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അന്തരിച്ച ഗിരീഷ് പുത്തഞ്ചേരിയും രവീന്ദ്രനും ചേര്‍ന്നൊരുക്കിയ ഒരു ഗാനവും ഈ ചിത്രത്തിലുണ്ടെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ ഒരുക്കിയ പാതിമുല്ലയും ചന്ദ്രിക... എന്നുതുടങ്ങുന്ന ഗാനം സിനിമയുടെ പ്രാരംഭജോലികള്‍ നിലച്ചതിനെ തുടര്‍ന്ന് പുറത്തുവന്നിരുന്നില്ല.

കറന്‍സിയുടെ സംവിധായകന്‍ സ്വാതി ഭാസ്‌ക്കര്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ പുതുമുഖം സോണല്‍ ദേവരാജ് ആണ് നായിക. ഇന്നസെന്റ്, സുരാജ് വെഞ്ഞാറമ്മൂട്, മാമുക്കോയ, മണിയന്‍പിള്ള രാജു, ഹരിശ്രീ അശോകന്‍, കെപിഎസി ലളിത തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സീരിയല്‍ നടനായി അരങ്ങേറിയ അനൂപ് മേനോന്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തുന്നത്. വിനയന്‍ സംവിധാനം ചെയ്ത് ഈ ചിത്രത്തില്‍ ജയസൂര്യയും അനൂപ് മേനോനും ആയിരുന്നു നായക കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പക്ഷേ ചിത്രം സാമ്പത്തികവിജയം നേടാത്തതിനെ തുടര്‍ന്ന് അനൂപ് മേനോന് പിന്നീട് മികച്ച അവസരങ്ങള്‍ ലഭിച്ചില്ല.

എന്നാല്‍ രഞ്ജിത്ത് ഒരുക്കിയ തിരക്കഥ എന്ന ചിത്രത്തിലെ പ്രധാനകഥാപാത്രത്തെ ഗംഭീരമാക്കി അനൂപ് മേനോന്‍ ഗംഭീര തിരിച്ചുവരവ് നടത്തി. പകല്‍ നക്ഷത്രങ്ങള്‍, കോക്‍ടൈല്‍, ട്രാഫിക് എന്നീ ചിത്രങ്ങളിലും അനൂപ് മേനോന്‍ കസറിയിരുന്നു.