അനിയത്തിയും കത്രീനയുടെ വഴിയേ

Webdunia
വെള്ളി, 18 ഏപ്രില്‍ 2008 (13:10 IST)
PROPRO
കഴിവും സൌന്ദര്യവും കയ്യിലുള്ള നടിമാര്‍ സഹോദരങ്ങളെ പോലും പിന്തള്ളി ബോളിവുഡ് പിടിച്ചടക്കുന്നത് ഇതിനു മുമ്പ് പല തവണ കണ്ടതാണ്. കരിഷ്‌മ കപൂര്‍ - കരീന കപൂര്‍, ശില്‍പ്പാ ഷെട്ടി - ഷമിതാ ഷെട്ടി, മലൈക അറോറ - അമൃതാ അറോറ, റയ്‌മ - റിയാ തുടങ്ങിയ പേരുകളില്‍ രണ്ടാമത് പറഞ്ഞതെല്ലാം അങ്ങനെയുള്ളവരാണ്.

ഈ വഴിയെ പുതിയതായി സഞ്ചരിക്കുന്നത് ഇസബെല്ലാണ്. കക്ഷിയെ വ്യക്തമായില്ല എന്നുണ്ടെങ്കില്‍ ഒന്നുകൂടി വിശദമാക്കാം. ഇന്ത്യയിലെ പ്രമുഖ മോഡലും നടിയും സൂപ്പര്‍താരം സല്‍മാന്‍ഖാന്‍റെ കാമുകിയുമായ കത്രീനകൈഫിന്‍റെ അനുജത്തിയാണ് ഇസബെല്‍. മധുരപ്പതിനേഴില്‍ നില്‍ക്കുന്ന ഇസബെല്ലിനെ ബോളിവുഡില്‍ എത്തിക്കുന്നത് മറ്റാരുമല്ല.

ഭാവിജേഷ്ഠന്‍ സല്‍മാന്‍ തന്നെയാണ് ഇസബെല്ലിനായി ശുപാര്‍ശ ചെയ്യുന്നത്. അടുത്ത ചിത്രത്തില്‍ സല്‍മാന്‍റെ നായികയാണ് ഇസബെല്ല. ചിത്രം സംവിധാനം ചെയ്യുന്നത് സൂപ്പര്‍ഹിറ്റ് ചിത്രന്‍ ഗദ്ദാറിന്‍റെ സംവിധായകന്‍ അനില്‍ ശര്‍മ്മയും. വീര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ സ്ക്രിപ്റ്റുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നു ഒരു വര്‍ഷമായിട്ട് സല്‍മാന്‍.

എന്നാല്‍ ചിത്രത്തിനായി മറ്റു പെണ്‍കുട്ടികളെയും പരീക്ഷിക്കുന്നതിനാല്‍ സംവിധായകന്‍ അനില്‍ ശര്‍മ്മ ഇസബെലിനു പൂര്‍ണ്ണമായ ഒരു ഉറപ്പൊന്നും ഇതുവരെ നല്‍കിയിട്ടില്ല. ഇക്കാര്യത്തില്‍ ശര്‍മ്മയുടെ കുടുംബ സുഹൃത്തായ പ്രിയങ്കാ ചോപ്രയെയും ശര്‍മ്മ പരിഗണിക്കുന്നുണ്ടെന്നാണ് കേള്‍ക്കുന്നത്. എന്തായാലും പ്രിയങ്ക വേണോ ഇസബെല്‍ വേണോ എന്നത് അനില്‍ ശര്‍മ്മയ്‌ക്ക് ഏറെ ആശയക്കുഴപ്പം ഉണ്ടാക്കുന്ന ഒരു കാര്യമായിരിക്കും.

ആഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന ചിത്രം അടുത്ത വര്‍ഷം ആദ്യം റിലീസ് ചെയ്യാനാണ് സാധ്യത. ചിത്രത്തിനു 75 കോടിയെങ്കിലും നിര്‍മ്മാണ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. അതേ സമയം അനുജത്തിമാര്‍ എത്തുന്നതോടെ അവസരം കുറയുന്ന മൂത്ത സഹോദരിമാരുടെ പ്രതിസന്ധിയിലേക്ക് കത്രീനയും വീഴുമോ എന്ന് കാത്തിരുന്ന് കാണാം.